കൊച്ചി : നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികൾ കൂട്ടത്തോടെ കോടതിയിലേക്ക്. കൊച്ചിയിലെ നടിയുടെ പരാതിയിൽ പ്രതികളായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയിൽ പ്രതിയായ രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻകൂർ ജാമ്യം തേടാനാണ് പ്രതികളുടെ തീരുമാനം. കേസിൽ തുടര്‍നടപടിയെന്താകണമെന്നതിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ട്. മുകേഷ് കൊച്ചിയിലെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും മുകേഷ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷകര്‍ അറിയിച്ച സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയും നൽകുന്നത്. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.
മരട് സ്വദേശിയായ നടിയുടെ പരാതിയിൽ 7 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 7 പേര്‍ക്കെതിരെയും പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയിൽ ഇതിനായി അപേക്ഷ നൽകും. നിലവിൽ 7 പേർക്കെതിരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ് എടുക്കാനാണ് ആലോചന.
ബംഗാളി നടിയുടെ പരാതിയിലാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. നടൻ സിദ്ദിഖിനെതിരെ യുവനടിയുടെ പരാതിയിലാണ് ബലാൽസംഗത്തിന് കേസെടുത്തത്. യുവനടിയിൽ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയുമെടുക്കും. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററിൽ സിദ്ദിഖിൻെറ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് നടിയുടെ മൊഴി.