കൊൽക്കത്ത: പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച ‘റിമാൽ’ ചുഴലിക്കാറ്റിൽ വ്യാപക നാശം. കനത്ത കാറ്റിലും മഴയിലും മരം വീണ് പശ്ചിമ ബംഗാളിൽ ആറുപേർ മരിച്ചു. ഞായറാഴ്ച രാത്രിയാണ് ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപറയിലുമായി ചുഴലിക്കാറ്റ് കരതൊട്ടത്. ശക്തമായ കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. തിങ്കളാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞു.
പശ്ചിമ ബംഗാളിലെ തെക്കൻ തീരപ്രദേശങ്ങളിലെ 24 ബ്ലോക്കുകളിലും 79 മുനിസിപ്പൽ വാർഡുകളിലുമായി 1,000 വീടുകൾ പൂർണമായും 14,000 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,100ഓളം മരങ്ങൾ കടപുഴകി. 337 വൈദ്യുതി പോസ്റ്റുകൾ തകർന്നു. രണ്ടുലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
അതിനിടെ, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 21 മണിക്കൂർ നിർത്തിവെച്ച കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എട്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഗുവാഹതി, ഗയ, വാരാണസി, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.
ഈസ്റ്റേൺ റെയിൽവേയുടെ സീൽദാ സൗത്ത് സെക്ഷനിൽ മൂന്നു മണിക്കൂർ നിർത്തിവെച്ച ട്രെയിൻ സർവിസുകളും രാവിലെ ഒമ്പതുമണിയോടെ പുനരാരംഭിച്ചു. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചിലയിടങ്ങളിൽ കൊൽക്കത്ത മെട്രോയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻ.ഡി.ആർ.എഫ്) 14 ടീമുകൾ വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൊൽക്കത്ത, നോർത്ത്, സൗത്ത് 24 പർഗാനാസ്, പുർബ, പശ്ചിമ മേദിനിപൂർ, മുർഷിദാബാദ്, നാദിയ, ഹൗറ, ഹൂഗ്ലി തുടങ്ങിയ ജില്ലകളിലാണ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നാശനഷ്ടം സംബന്ധിച്ച പരിശോധന നടന്നുവരുകയാണെന്ന് അധികൃതർ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളോട് വീടുകളിൽത്തന്നെ തുടരാനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിലും ‘റിമാൽ’ നാശം വിതച്ചു. കാറ്റിലും മഴയിലും ഏഴുപേർ മരിച്ചു. ഞായറാഴ്ച 800,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചാട്ടോഗ്രാമിലെ വിമാനത്താവളം അടക്കുകയും ആഭ്യന്തര വിമാന സർവിസ് റദ്ദാക്കുകയും ചെയ്തു.