കൊച്ചി: കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂരിന്‍റെ നേതൃത്വത്തിലുളള പുതിയ പാർടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയിൽ നടക്കും. നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്നാണ് പേരിട്ടിരിക്കുന്നത്. ജോണി നെല്ലൂരിനൊപ്പം ജോർജ് ജെ മാത്യു,മാത്യു സ്റ്റീഫൻ എന്നിവരും നേതൃനിരയിലുണ്ട്. എൻഡിഎയുടെ ഭാഗമായി സഹകരിച്ച് നീങ്ങാനാണ് നിലവിലെ ധാരണ. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരിൽക്കാണാനും ശ്രമം നടക്കുന്നുണ്ട്.
ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരേയും കൂടെക്കൂട്ടാൻ ബിജെപി നേതൃത്വം ഒരുങ്ങുന്നത്. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും ജോണി ആരോപിച്ചിരുന്നു.