മലപ്പുറം : മുറിച്ച് മാറ്റേണ്ട മരത്തില്‍ ധാരാളം പക്ഷിക്കൂടുകളുണ്ടെന്ന് അറിഞ്ഞതോടെ ദേശീയ പാതാ വികസന പ്രവൃത്തികള്‍ നിര്‍ത്തി വച്ച് അധികൃതര്‍. കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നാണ് ഈ നല്ല മാതൃക. 25 ദിവസത്തേക്കാണ് പണി നിര്‍ത്തി വച്ചിരിക്കുന്നത്.
ദേശീയ പാത വികസനത്തിനു വേണ്ടി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ഉണ്ടായിരുന്ന വലിയ മരം വെട്ടി ഇട്ടപ്പോൾ നിലത്തു വീണ് പിടഞ്ഞു തീർന്ന പക്ഷിക്കുഞ്ഞുങ്ങളുടെ കാഴ്ച നമ്മൾ കണ്ടത് മലപ്പുറം വികെപടിയില്‍ നിന്ന്.എന്നാൽ പക്ഷികളെ കൂട്ടത്തോടെ കൊന്നല്ല റോഡ് വികസിപ്പിക്കേണ്ടതെന്ന് മാതൃക കാട്ടുകയാണ് കാസര്‍കോട്.
ചെര്‍ക്കള ജംക്ഷനില്‍ സംസ്ഥാന-ദേശീയ പാതകളുടെ ഇടയിലാണ് വലിയ തണല്‍ മരം.12 മീറ്റര്‍ ഉയരത്തിലും പത്തോളം മീറ്റര് പരിധിയിലും വ്യാപിച്ചു കിടക്കുകയാണ് ഈ മരം. കുളക്കൊക്കുകളുടേയും നീര്‍കാക്കകളുടേയും ആവാസ കേന്ദ്രം. കുളകൊക്കുകളുടെ 18 കൂടുകളും നീര്‍കാക്കകളുടെ പത്ത് കൂടുകളും ഈ മരത്തില്‍. നൂറിലേറെ കിളികളുടെ താവളം. ദേശീയ പാതാ വികസനത്തിനായി മരം മുറിക്കാനായി എത്തിയപ്പോഴാണ് കിളിക്കൂടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
കൂട് ഇവിടെ നിന്ന് മാറ്റിയാല്‍ കിളികള്‍ ചത്ത് പോകും. ഒക്ടോബര്‍ വരെ പക്ഷികളുടെ പ്രജനന കാലമാണ്. ഇത് കഴിയുന്നത് വരെ മരത്തിന്‍റെ ചില്ല പോലും മുറിക്കാതെ സംരക്ഷിക്കാനാണ് തീരുമാനം. കിളികള്‍ പറന്ന് പോയതിന് ശേഷം മാത്രമേ മരം മുറിക്കൂ.
മലപ്പുറം വികെപടിയില്‍ പക്ഷികളെ കൊന്നൊടുക്കി മരംമുറിച്ച കരാറുകാരനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. പറന്നുയരാനാകാതെ , ചിറകുപോലും മുളയ്ക്കാത്ത പക്ഷിക്കുഞ്ഞുങ്ങൾ നിലത്തുവീണ് ചത്തത് കരളുലയ്ക്കുന്ന കാഴ്ചയായിരുന്നു.