തിരുവനന്തപുരം : കോടതിയിൽ ഹാജരാക്കി തിരികെവരുംവഴി മോഷണക്കേസിലെ പ്രതികൾ പോലീസുകാരെ ആക്രമിച്ചു. ചോദിച്ചിട്ടും ബീഡി വാങ്ങി നൽകിയില്ലെന്ന കാരണത്താലാണ് പ്രതികളായ മുഹമ്മദ് ഷാൻ, അച്ചു എന്ന അനന്തൻ, ഷിഫാൻ എന്നിവെർ പോലീസുകാരെയും യാത്രക്കാരെയും മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെയും കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവർ. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടിയായിരുന്നു സംഭവം. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കെ.എസ്.ആർ.ടി.സി ബസിൽ തിരികെ പൂജപ്പുര ജയിലിൽ കൊണ്ടുപോകും വഴിയാണ് പ്രതികൾ പോലീസുകാർക്കുനേരെ തിരിഞ്ഞത്. ബീഡി വാങ്ങി നൽകാത്തതിനെ തുടർന്ന് അക്രമാസക്തമായ പ്രതികളാണ് അകമ്പടി പോലീസുകാരെയും ബസ് യാത്രക്കാരെയും മർദ്ദിച്ചത്. തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ തന്നെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. എ.ആർ ക്യാമ്പിൽ നിന്ന് പകരം പോലീസുകാരെയും വാഹനവും എത്തിച്ച ശേഷം പ്രതികളെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
കിളിമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതികളിലൊരാൾ സ്റ്റേഷനിലെ ടാബ് എറിഞ്ഞു പൊട്ടിച്ചു. സർക്കാർ മുതൽ നശിപ്പിച്ചതിന് പ്രത്യേക കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു. മർദ്ദനത്തിനിരയായ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പോലീസുകാരെ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.