തിരുവനന്തപുരം: ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാറിന്റെ നിർദേശമനുസരിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ വിവേചനാധികാരം ഇടുങ്ങിയതാണ്. ഇതുസംബന്ധിച്ച് പല സുപ്രീംകോടതി വിധികളുമുണ്ട്. ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ഗവർണർ ചെയ്താൽ സാധുവാകില്ല. ഡൽഹി സർക്കാറും ലഫ്റ്റന്റ് ഗവർണറും തമ്മിലുള്ള കേസിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാറിലെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. കേരള സർവകലാശാലയിലെ സെനറ്റംഗങ്ങളെ പിൻവലിച്ച നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന അസാധാരണ മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ വ്യക്തിപരമായി മന്ത്രിമാർ നടത്തിയാൽ ‘പ്രീതി’ (പ്ലഷർ) പിൻവലിക്കുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കുകയായിരുന്നു.
(‘പ്രീതിതത്വം’ അഥവാ ഡൊക്ട്രിൻ ഓഫ് പ്ലഷർ എന്നത് ഇംഗ്ലിഷ് നിയമത്തിൽ ഉടലെടുത്ത പ്രമാണമാണ്. രാജാവിന്റെ പ്രീതിയുള്ളിടത്തോളമാണ് പൊതുസേവകരുടെ തൊഴിൽ നിലനിൽക്കുന്നതെന്നതാണ് ഇതിലെ ധാർമികതത്വം. ആയതിനാൽ, രാജാവിന് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ, അപ്രീതിക്ക് കാരണമായാൽ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാം)
സർക്കാറും ഗവർണറും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന ഭിന്നതക്ക് ആക്കം കൂട്ടുംവിധമാണ് മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയുമായി ഗവർണർ പരസ്യമായി രംഗത്തുവന്നത്. സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ മന്ത്രി ആർ. ബിന്ദു അടക്കം നടത്തിയ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് സൂചനകൾ