പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവയെല്ലാം നമുക്ക് ആവശ്യത്തിന് വിളിക്കാനും നമ്മുടെ സഹായത്തിനെത്താനും വേണ്ടിയുള്ളവയാണ് അല്ലേ? എന്നാൽ, വളരെ വിചിത്രമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പൊലീസിന്റെ എമർജൻസി നമ്പറുകളിലേക്കടക്കം വിളിക്കുന്ന അനേകം പേരുണ്ട്. അത് പലപ്പോഴും പൊലീസുകാർക്കും മറ്റ് അവശ്യസേവനങ്ങളിലുള്ളവർക്കും തങ്ങളുടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കാറും ഉണ്ട്.
അടുത്തിടെ മംഗളൂരുവിൽ ഒരാൾ വിചിത്രമായ ഒരു സഹായം ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചു. എന്തിനാണ് എന്നല്ലേ? സിറ്റി ഹാളിൽ നിന്നും കാണാതായ തന്റെ ചെരുപ്പ് കണ്ടെത്തി തരണം എന്നാവശ്യപ്പെട്ടാണ് ഇയാൾ പൊലീസിനെ വിളിച്ചത് എന്ന് മംഗളൂരു നോർത്ത് പൊലീസ് പറയുന്നു. ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് പരാതിക്കാരൻ പ്രസ്തുത ഹാളിൽ എത്തിയത്. അകത്തേക്ക് കടക്കുമ്പോൾ ചെരുപ്പ് പുറത്ത് വയ്ക്കുകയായിരുന്നു.
എന്നാൽ, ഉച്ചഭക്ഷണത്തിന് ശേഷം സ്ഥലത്ത് നിന്നും പോകാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് താൻ വച്ച സ്ഥലത്ത് നിന്നും തന്റെ ഷൂ കാണാനില്ല എന്ന് ഇയാൾക്ക് മനസിലായത്. ആകെ നിരാശനായ ഇയാൾ ഉടനെ തന്നെ 112 -ലേക്ക് വിളിക്കുകയായിരുന്നത്രെ. പിന്നീട്, തന്റെ ചെരുപ്പ് മോഷണം പോയി എന്ന് പരാതിയും പറഞ്ഞു. എന്തായാലും ആ ഫോൺകോൾ പിന്നീട് കൂടുതൽ അന്വേഷണത്തിന് വേണ്ടി മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. അതിനായി, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരു സംഘവും സ്ഥലത്തെത്തി. പരിസരത്ത് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണ് ഷൂ മോഷ്ടിച്ചതെന്ന് ഇതിൽ കണ്ടെത്തി. മോഷ്ടാവിനു വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേ സമയം ഷൂ വാങ്ങുമ്പോൾ കിട്ടിയ ബിൽ ഹാജരാക്കാത്തതിനാൽ തന്നെ എത്ര രൂപയുടെ നഷ്ടമാണ് പരാതിക്കാരന് ഉണ്ടായത് എന്ന് കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. ഷൂസിന്റെ വില ഏകദേശം 515 മുതൽ 1,600 രൂപ വരെയാണ് എന്നാണ് കരുതുന്നത്.
ഏതായാലും, ആവശ്യം വന്നാൽ ഒട്ടും മടികൂടാതെ എമർജൻസി നമ്പറിലേക്ക് വിളിക്കണം എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ആരെങ്കിലും ചെരുപ്പ് കണ്ടെത്താൻ വേണ്ടി വിളിക്കും എന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.