കൊച്ചി : കൊവിഡ് വ്യാപനം ശക്തമായതോടെ തീയറ്ററുകള്‍ ഭാഗികമായി അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളില്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി അറിയിച്ചേക്കും. നിലവിലെ സാഹചര്യം തീയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു.
തിയറ്റര്‍ അടച്ചിടണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഫിയോക് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടച്ചിടുന്നതിനെതിരെ ഫിയോക് സമര്‍പ്പിച്ച പരിഗണിക്കവേ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തിയേറ്ററുകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തിയപ്പോള്‍ വിദഗ്ധ സമതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വാദിച്ചു.
ഞായറാഴ്ചകളില്‍ തീയറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. സി കാറ്റഗറി നിയന്ത്രണം നേരത്തെ തന്നെ നിലവില്‍ വന്ന തിരുവനന്തപുരം ജില്ലയില്‍ തീയേറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. മാളുകള്‍ക്കും ബാറുകള്ക്കുംമ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്.