പാലക്കാട്: കൂറ്റൻ മരം കടപുഴകി വീണതിനെ തുടർന്ന് വീട്ടുകാർ മാറിത്താമസിച്ച വീട്ടിൽ മോഷണം. ദിവസങ്ങളോളം ആ വീട്ടിൽ തങ്ങിയ കള്ളന് വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല. ഒടുവിൽ സ്റ്റീലിന്‍റെ വാട്ടർ ടാപ്പും വാതിലിന്‍റെ ചെമ്പ് പൂട്ടും എടുത്ത് മോഷ്ടാവ് സ്ഥലം വിട്ടു. പാലക്കാട് കൂറ്റനാടാണ് സംഭവം. കൂറ്റനാട് ചാലിപ്പുറം മേലേ തെക്കേതിൽ അബൂബക്കറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. അബൂബക്കർ വിദേശത്താണ്. അബൂബക്കറിന്‍റെ ഭാര്യയും മകനുമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. നാല് മാസം മുന്‍പ് പെയ്ത കനത്ത മഴയിൽ വീടിന് മുന്നിലെ വൻ മരം കടപുഴകി വീണു.
വെട്ടിമാറ്റാൻ പി ഡബ്ല്യു ഡി തയ്യാറായില്ല. ഇതോടെ വീട്ടുകാർ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മോഷ്ടാവ് ദിവസങ്ങളോളം ഇവിടെ താമസിച്ചിരുന്നെന്ന് വ്യക്തം. അലമാരകളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. വിലപിടിപ്പുള്ളതൊന്നും വീട്ടിൽ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളൻ സ്റ്റീല്‍ കൊണ്ടുള്ള വാട്ടർ പൈപ്പും മുൻ വശത്തെ വാതിലിന്‍റെ പൂട്ടും പൊളിച്ച് കടന്നു. വീട്ടിൽ തന്നെയുണ്ടായിരുന്ന ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇവയെടുത്തത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന.