കൊച്ചി : രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാളെ രാജ്യത്തിന് സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറും.
രാജ്യം കണ്ട സ്വപ്നം 15 വർഷത്തെ പ്രയത്നത്തിലൂടെ യാഥാർഥ്യമാകുന്നു. നാവിക സേനയുടെ ഭാഗമായി ഐ എൻ എസ് വിക്രാന്ത് ഇനി ഇന്ത്യൻ സമുദ്ര തീരം കാക്കും.കൊച്ചി കപ്പൽശാലയിലാണ് നമ്മുടെ അഭിമാനമായ ഈ യുദ്ധക്കപ്പൽ നിർമിച്ചത്. ചെലവിട്ടത് 20,000 കോടി രൂപ. കപ്പൽ നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ. കപ്പലിന്‍റെ നീളം 860 അടി, ഉയരം 193 അടി. 30 എയർക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എൻ എസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്‍റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്.
കഴിഞ്ഞ മാസം 28ന് നാവികസേനയ്ക്ക് കൈമാറിയെങ്കിലും വിക്രാന്ത് കൊച്ചി കപ്പൽ ശാലയിൽ നിന്ന് മാറ്റിയിട്ടില്ല. ഷിപ്പ്‍യാർഡിൽ നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഐ എൻ എസ് വിക്രാന്ത് നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറും. പ്രധാനമന്ത്രി എത്തുന്നതിനാൽ അതീവ സുരക്ഷ വലയത്തിലാണ് കപ്പൽശാലയും പരിസരവും.