ഇംഫാല്‍: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 38 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഇതിന് പുറമെ മണിപ്പൂർ പി സി സി പ്രസിഡന്‍റ് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് എന്നിവരുടക്കം 173 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉൾപ്പടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാർച്ച് അഞ്ചിനാണ്. രണ്ട് ദിവസം മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.
ഇന്നലെ നടന്ന ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ 60.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അവധ് പൂര്‍വ്വാഞ്ചല്‍ മേഖലകളിലായി 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതിയത്. അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ നല്ല പോളിംഗ് നടന്നു. വോട്ടെടുപ്പിനിടെ പ്രതാപ് ഗഡ് ജില്ലയിലെ സമാജ് വാദി പാര്‍ട്ടി സഥാനാര്‍ത്ഥി ഗുല്‍ഷാന്‍ യാദവിനെതിരെ ആക്രമണ ശ്രമമുണ്ടായി. ഇതേതുടര്‍ന്ന് സുരക്ഷ കൂട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും കൂടി 50 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടിക്ക് അഞ്ചും, ബിഎസ്പിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടും സീറ്റ് കിട്ടിയപ്പോള്‍ ഒരു മണ്ഡലം സ്വതന്ത്രനെയും പിന്തുണച്ചിരുന്നു