സുൽത്താൻ ബത്തേരി: മുട്ടില്‍ മരംമുറിക്കേസിൽ പിടിച്ചെടുത്ത തടികൾ ലേലം ചെയ്തു വിൽക്കാൻ അനുമതി തേടി വനംവകുപ്പ്. കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സൗത്ത് വയനാട് ഡിഎഫ്ഒ ഹർജി നൽകിയത്. മൂന്നുവർഷമായി 104 ഈട്ടി തടികൾ ഡിപ്പോയിൽ ഒരേ കിടപ്പിലാണ്. വനംവകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിലാണ് കോടികൾ വിലമതിക്കുന്ന മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്. മഞ്ഞും മഴയും വെയിലുമേറ്റ് തടികൾ നശിക്കുന്നതിനിടെയാണ് വനംവകുപ്പ് നീക്കം. ഹർജി കൽപ്പറ്റ കോടതി19ന് പരിഗണിക്കും. 500 വർഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആൻ്റോ സഹോദരന്മാർ മുറിച്ചു കടത്തിയത്. ഡിഎൻഎ, കാലപ്പഴം എന്നിവയൊക്കെ
അന്വേഷണ സംഘം നടത്തിയിരുന്നു. മരങ്ങങ്ങൾ മതിയായ രീതിയിൽ സംരക്ഷിക്കുന്നില്ലെന്ന് കാട്ടി പ്രതികൾ കോടതിയെ സമീപിച്ചിരുന്നു. അനധികൃതമായി മരംമുറിച്ച് കടത്തിയതിന് റവന്യൂവകുപ്പ് നേരത്തെ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം പിഴയീടാക്കാനുള്ള നടപടി തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ച അവസ്ഥയിലാണ്. കേസില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണത്തിൽ സുല്‍ത്താന്‍ ബത്തേരി
ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെ കേസില്‍ 12 പ്രതികളാണുള്ളത്.