ഒരു പെൺകുട്ടി അതിജീവിച്ചത് ഫ്രഞ്ച്റോളും പാസ്തയും മാത്രം കഴിച്ച്. അതാവട്ടെ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. കഴിഞ്ഞ 10 വർഷങ്ങളായി ഇത് മാത്രം കഴിച്ചാണ് 13 -കാരി ജീവിച്ചത്. വളരെ ചെറിയ കുട്ടി ആയിരിക്കെ ഭക്ഷണം കഴിക്കവെ അത് കുടുങ്ങി ശ്വാസം മുട്ടിയതിനെ തുടർന്നാണ് അവൾ അത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചത്. മറ്റ് ഭക്ഷണങ്ങളോട് അവൾക്ക് വല്ലാത്ത പേടി ആയിരുന്നു.
വർഷങ്ങളായി അവളുടെ അമ്മ അത് മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും സാധിച്ചിട്ടില്ല. സ്കൂളിൽ നിന്നുള്ള ഉച്ചഭക്ഷണവും അവൾ കഴിക്കില്ല. പകരം ഉച്ചയ്ക്ക് കഴിക്കാൻ ഫ്രെഞ്ച് റോൾ കൊണ്ടുപോവുകയാണ് പതിവ്. ഇതേ തുടർന്ന് അടുത്തിടെ ഇതുപോലെ ഭക്ഷണം കഴിക്കുന്നതിൽ പ്രശ്നങ്ങളുള്ളവരെ ചികിത്സിക്കുന്ന ഒരു വിദഗ്ദ്ധന്റെ അടുത്തേക്ക് മാതാപിതാക്കൾ അവളെ കൊണ്ടുപോയി. ചികിത്സയെ തുടർന്ന് അവളിപ്പോൾ മറ്റ് ഭക്ഷണങ്ങളും പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.
സിയാര എന്നാണ് പെൺകുട്ടിയുടെ പേര്. ഇപ്പോൾ അവൾ മറ്റ് ചില ഭക്ഷണങ്ങളും പൈനാപ്പിൾ പോലെ ഉള്ള പഴങ്ങളും കഴിച്ച് നോക്കുന്നുണ്ട്. രണ്ട് വയസ് തൊട്ടിങ്ങോട്ട് അവൾ ഉച്ചഭക്ഷണത്തിന് ഫ്രെഞ്ച് റോളും രാത്രിഭക്ഷണത്തിന് പ്ലെയിൻ പാസ്തയും മാത്രമാണ് കഴിക്കുന്നത് എന്ന് അവളുടെ അമ്മയായ ഏഞ്ചല പറയുന്നു. ‘ഇടയ്ക്ക് ചിലപ്പോൾ അവൾ കോൺഫ്ലേക്സ് ഒക്കെ കഴിച്ച് നോക്കിയിട്ടുണ്ട്. എന്നാൽ, എല്ലാ ദിവസവും അവൾ ഫ്രെഞ്ച് റോൾ കഴിക്കുമായിരുന്നു. ഞങ്ങളെന്താണോ കഴിക്കുന്നത് അത് ഒരിക്കലും അവൾ കഴിച്ചിരുന്നില്ല’ എന്നും അവളുടെ അമ്മ പറയുന്നു.
അതിനിടയിലാണ്, ഒരു പത്രത്തിൽ ഏഞ്ചല ഇതുപോലെ ഭക്ഷണം കഴിക്കുന്നതിൽ പ്രശ്നമുള്ള ഒരാളെ ചികിത്സിച്ചതായി ഹിപ്നോതെറാപ്പിസ്റ്റ് ഡേവിഡ് കിൽമുറി എഴുതിയിരിക്കുന്നതായി കണ്ടത്. അങ്ങനെ അവർ അദ്ദേഹത്തെ സമീപിച്ചു. ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ സിയാര മറ്റ് ഭക്ഷണങ്ങൾ കഴിച്ച് തുടങ്ങി. അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അവളുടെ വീട്ടുകാർ.