കൊല്ലം: ബംഗളൂരുവിൽ നിന്ന് ലഹരിമരുന്നുകളെത്തിച്ച് കൊല്ലം ജില്ലയിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കണ്ണനല്ലൂർ സ്വദേശി ടോം തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പിടികൂടിയത്.എംഡിഎംഎ വിൽപ്പനയുടെ ഇടനിലക്കാരൻ കൊല്ലത്തേക്ക് സഞ്ചരിക്കുന്നു എന്ന രഹസ്യ വിവരം കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ പൊലീസിന് ലഭിച്ചു. ബാംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസിലാണ് ഇയാൾ സഞ്ചരിച്ചത്.
ബസിൽ കയറിയത് മുതൽ പ്രതി ഡൻഡാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചിന്നക്കടയിൽ ബസ് നിര്‍ത്തി, യുവാവ് ഇറങ്ങിയ ഉടൻ തന്നെ പൊലീസ് വളഞ്ഞു. ബാഗും വസ്ത്രവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 60 ഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൊല്ലം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിതരണം ചെയ്ത് വരികയായിരുന്നു പ്രതി. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, ലഹരിമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെൺസുഹൃത്തും കായംകുളത്ത് അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കലംഅനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ പെൺസുഹൃത്തായ ഷംന (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് 3.01 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.45 മണിയോടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്. ഇരുവരുടെയും വസ്ത്രത്തിലും കാറിലും ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു.