40 വർഷം മുമ്പ് നടന്ന ഒരു കൊലപാതകം അവിചാരിതമായി തെളിഞ്ഞതിന്റെ ഞെട്ടലിലാണ് പൊലീസ്. എങ്ങനെയാണ് കൊലപാതകം തെളിഞ്ഞത് എന്നല്ലേ? 40 വർഷത്തിന് ശേഷം കൊലപാതകം നടത്തിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി താൻ നടത്തിയ കൊലപാതകത്തെ കുറിച്ച് തുറന്ന് പറഞ്ഞു.
ജോൺ പോൾ എന്ന 61 -കാരൻ നേരെ പൊലീസ് സ്റ്റേഷനിലെത്തി 1980 -ൽ താനൊരാളെ കൊന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു. 1980 ജൂൺ ആറിന് പോർട്ടറും പാർട്ട് ടൈം ബാർമാനുമായ ആന്റണി ബേർഡ് എന്ന 42 -കാരനെ വെസ്റ്റ് ലണ്ടനിലെ ഒരു ഫ്ലാറ്റിൽ നഗ്നനായി കൈകൾ ബന്ധിച്ച്, കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
41 വർഷക്കാലം ഈ കൊലപാതകം ആര് നടത്തി എന്നോ എന്താണ് സംഭവിച്ചത് എന്നോ മനസിലാവാതെ ഒരു ദുരൂഹതയായി തുടർന്നു. എന്നാൽ, ജോൺ പോൾ നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരോട് ആന്റണിയെ താനന്ന് അടിച്ച് കൊല്ലുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇയാൾ നേരെ പൊലീസ് സ്റ്റേഷനിലെത്തി കൗണ്ടറിലിരുന്ന ജീവനക്കാരിയോട് താനൊരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ എത്തിയതാണ് എന്ന് പറയുകയായിരുന്നു.
എന്താണ് കുറ്റകൃത്യം എന്ന് ചോദിച്ചപ്പോൾ കൊലപാതകം എന്ന് മറുപടി നൽകി. തുടർന്ന് 1980 -ൽ താനൊരു കൊലപാതകം നടത്തി എന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചാൽ അറിയില്ല എന്നും ജോൺ പോൾ പറഞ്ഞു. അയാൾ എന്റെ അടുത്തേക്ക് വന്നു, എന്നോട് സംസാരിച്ചു, അയാളുമൊത്ത് സെക്സ് ചെയ്യുമോ എന്ന് ചോദിച്ചു എന്ന് ആന്റണിയെ കുറിച്ച് ജോൺ പോൾ പറയുന്നു. പിന്നീട് അയാൾ എന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഞാനയാളെ നഗ്നനാക്കി കെട്ടിയിട്ടു. അവിടെ കിട്ടിയ മരക്കഷ്ണം കൊണ്ട് അയാളെ അടിച്ചു കൊന്നു എന്നും ആന്റണി വെളിപ്പെടുത്തി.
വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് ജോൺ പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതക കേസിൽ ഈ തിങ്കളാഴ്ച്ച ഓൾഡ് ബെയ്‍ലിയിൽ ജോൺ പോളിന്റെ വിചാരണ ആരംഭിച്ചു.