കണ്ണൂർ: പാനൂരിൽ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.
ശ്യാംജിതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയാതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇന്നലെയാണ് പ്രതി പാനൂരിൽ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മയും ബന്ധുക്കളുമെല്ലാം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃദേഹം കണ്ടെത്തിയത്. ഫോൺ കോളുകളെ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.