പാലക്കാട്: യശ്വന്ത്പുർ -കണ്ണൂർ എക്സ്പ്രസ് വാളയാർ സ്റ്റേഷനിൽ നിർത്തിയിട്ട് ലോകോ പൈലറ്റ് ഇറങ്ങിപ്പോയി. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോകോ പൈലറ്റ് എത്തിയാണ് സർവിസ് പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം.
പാലക്കാട് സ്റ്റോപ് ഉണ്ടെന്നിരിക്കേ അതിന് മുമ്പേ സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോകോപൈലറ്റ് ട്രെയിൻ നിർത്തിയിട്ട് ഇറങ്ങിപ്പോയത്. അമ്പരന്ന യാത്രക്കാർ വാളയാർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ, ഡ്യൂട്ടി സമയം കഴിഞ്ഞപ്പോൾ ലോകോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷനിൽ ഓരോരുത്തരായി പരാതി രേഖപ്പെടുത്തി. ഇതിനിടെ ലോകോ പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ട്രെയിൻ നിർത്തി പോയതെന്ന വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. ഒടുവിൽ രാവിലെ 8.30ഓടെ പുതിയ ലോകോ പൈലറ്റ് എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നിരിക്കേ ഇത്തരം നടപടികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ട്രെയിനിലെ യാത്രക്കാരനായ ബാംഗ്ലൂർ -മലബാർ ട്രാവലേഴ്സ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് പി. ഷിനിത്ത് പറഞ്ഞു. സതേൺ റെയിൽവേ ഡി.ആർ.എം, ജി.എം എന്നിവർക്ക് പരാതി നൽകുന്നതോടൊപ്പം ഉപഭോക്തൃ കോടതിയിൽ നഷ്ടപരിഹാര കേസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
എക്സ്പ്രസ് ആണെങ്കിലും അൽപകാലമായി മറ്റ് ട്രെയിനുകൾക്കായി പിടിച്ചിട്ട് സ്ഥിരം അര മണിക്കൂറിലേറെ വൈകിയോടുന്ന ട്രെയിനാണ് ബംഗളൂരു- യശ്വന്ത്പുർ എക്സ്പ്രസ്. രാവിലെ 8.30ന് കണ്ണൂരിൽ എത്തേണ്ട ട്രെയിൻ അവിടെയെത്താൻ 9.30 എങ്കിലും ആവാറുണ്ട്.