ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി. ആന്റസ ജോസഫ് തിരിച്ചെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് ആന്റസ എത്തിയത്.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഏക വനിതയായിരുന്നു തൃശൂര്‍ വെളുത്തൂര്‍ സ്വദേശിയായ ആന്റസ. ഒരുവർഷം മുമ്പാണ് മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസം മുമ്പാണ് ആന്റസ പോർചുഗൽ കപ്പലിൽ എത്തിയത്.
തൃശൂർ സ്വദേശികളായ ബിജുവും കുടുംബവും കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിന് സമീപം കാപ്പുകാട്ട് പുതുമന വീട്ടിൽ താമസത്തിനെത്തിയത്. ഇങ്ങോട്ടുള്ള യാത്രാമധ്യേയാണ് കപ്പൽ പിടിച്ചെടുത്ത വിവരം അറിയുന്നത്. അടുത്ത ദിവസം ആന്റസ കൊടുങ്ങൂരിലെ വീട്ടിലേക്ക് എത്താനിരിക്കെയാണ് കപ്പൽ പിടിച്ചെടുത്ത വിവരം ഇവർ അറിഞ്ഞത്.