തിരുവനന്തപുരം: അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിന് തുടർന്ന് ദോശ, അപ്പം മാവിന് വില വർധിപ്പിക്കാൻ ഒരുങ്ങി നിർമാതാക്കൾ. ഓൾ കേരള ബാറ്റേഴ്‌സ് അസോസിയേഷൻ ആണ് ഓഗസ്റ്റ് ഒന്നാം തിയതി മുതൽ വില വർധിപ്പിക്കുമെന്ന് അറിയിച്ചത്. 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാനാണ് അസോസിയേഷൻ്റെ നീക്കം. അരി, ഉഴുന്ന് എന്നിവയുടെ വില ഉയർന്നതും ഇന്ധന വില വർദ്ധനവുമാണ് മാവിന്റെ വില വർധിപ്പിക്കാനുള്ള കാരണം എന്ന് അസോസിയേഷൻ വ്യക്തമാക്കി. ദോശ, അപ്പം, ഇഡ്ഡ്ലി മാവുകൾക്ക് ഒന്നാം തിയതി മുതൽ കൂടുതൽ വില നൽകേണ്ടി വരും.
47-മത് ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ മുൻകൂട്ടി പായ്ക്ക് ചെയ്യുന്ന വസ്തുക്കളുടെ വില വർധിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നു. നേരത്തെ നികുതി ചുമത്തുന്നതിൽ ഇളവ് ലഭിച്ചിരുന്ന പല ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ മുൻകൂട്ടി പായ്ക്ക് ചെയ്തവയുടെയും ലേബൽ നൽകിയവയുടെയും വിലയിലാണ് ജിഎസ്ടി കൂടെ ഉൾപ്പെടുത്തുന്നത്. ജിഎസ്ടി കൂടി വന്നതോടു കൂടി പല നിർമ്മാതാക്കളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതായി അസോസിയേഷൻ വ്യക്തമാക്കി.
വിലക്കയറ്റത്തിൽ വലഞ്ഞ നിർമ്മാതാക്കൾക്കുള്ള കനത്ത പ്രഹരമായിരുന്നു ജിഎസ്ടി വർധന. മുൻകൂട്ടി പാക്ക് ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കൂടിയതോടെ നിർമാണ ചെലവും വർധിക്കുകയാണ്. കടക്കെണിയിലാണ് ഇന്ന് പല വ്യവസായികളും. വില വര്ധിപ്പിക്കുകയല്ലാതെ മാറ്റ് മാർഗമില്ല എന്ന് അസോയിയേഷൻ പറയുന്നു,
മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില ഈ മാസം 18 മുതൽ വർധിച്ചിരുന്നു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്.