ദില്ലി: കോൺഗ്രസ് വക്താവ് പവൻ ഖേരക്കെതിരെ കേസെടുത്ത് പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് പരിഹസിച്ചതിനാണ് കേസ്. ബി ജെ പി പ്രവർത്തകൻ്റെ പരാതിയിൽ ഹസ്രത് ഗഞ്ച് പൊലീസാണ് കേസെടുത്തത്. രാഹുൽ ഗാന്ധി നേതാവായതോടെ പാർട്ടിക്ക് നിലവാരമില്ലാതായെന്നും 2024 ഓടെ കോൺഗ്രസ് തീരുമെന്നും അമിത് ഷാ തിരിച്ചടിച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ മാത്രം പ്രസ്താവനയല്ല, മറിച്ച് രാഹുൽ ഗാന്ധിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള പ്രസ്താവനയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് നേരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. തുടർന്നാണ് പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമായതെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദിയെ അദാനി ബന്ധമാരോപിച്ച് നരേന്ദ്ര ഗൗതം ദാസ് മോദി എന്ന് പവൻ ഖേര അധിക്ഷേപിച്ചത്.
നരസിംഹ റാവുവിന് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, നരേന്ദ്ര ഗൗതം ദാസിന് -ക്ഷമിക്കണം, ദാമോദർദാസ് മോദിക്ക് എന്താണ് പ്രശ്നം -വാർത്താസമ്മേളനത്തിൽ ഖേര പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പിതാവിന്റെ പേര് ദാമോദർദാസ് മുൽചന്ദ് മോദി എന്നാണ്. ദാമോദർ എന്നതിന് പകരം അദാനിയുടെ ഗൗതം എന്നത് പവൻ ഖേര മനഃപൂർവം ഉപയോഗിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നാരോപിച്ച് പാർലമെന്റിലും പുറത്തും കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ രാഹുൽ ഗാന്ധിയാണ് ആരോപണമുന്നയിച്ചത്. രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. തന്റെ കമ്പനിയുടെ ഓഹരികൾക്ക് കൃത്രിമമായി വില വർധിപ്പിച്ച് അദാനി അനധികൃതമായി കോടികൾ ഉണ്ടാക്കിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നാണ് വിവാദമുണ്ടായത്.