റിയാദ്: സൗദി അറേബ്യയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സമയത്ത് പർദ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി വിദ്യാഭ്യാസ, പരിശീലന മൂല്യനിർണയ അതോറിറ്റി വ്യക്തമാക്കി. നാഷണൽ സെൻറർ ഫോർ മെഷർമെൻറ് (ഖിയാസ്) ഹാളുകളിലും ഹെഡ്ക്വാർട്ടേഴ്സിലും ടെസ്റ്റുകൾ നടത്തുമ്പോൾ നിർദ്ദിഷ്ട യൂണിഫോം ആണ് ധരിക്കേണ്ടത്. പരീക്ഷാവേദികളിലെ പൊതുമര്യാദ കാത്തുസൂക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾക്കനുസൃതമായ നിലയിലായിരിക്കണം യൂണിഫോം.
കഴിഞ്ഞ ദിവസം ശബരിമലയിൽ പോകാനായി മാല ധരിച്ച വിദ്യാർഥിയെ ക്ലാസിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹൈദരാബാദ് മോഹൻസ് സ്കൂളിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്. മാല ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചർ കയറ്റിയില്ലെന്നും മാല അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. ശബരിമല തീർഥാടനത്തിന് 41 ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ധരിക്കുന്ന കറുത്ത വസ്ത്രവും തിലകവും നീക്കം ചെയ്യാനും ആവശ്യപ്പെട്ടതായി വിദ്യാർഥിയുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു.
നവംബർ 23 ന് മന്ദമാരിയിലെ സിംഗരേണി ഹൈസ്‌കൂളിലും പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയ്യപ്പ മാല ധരിച്ചതിന്റെ പേരിൽ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പ്രശ്നമുണ്ടായിരുന്നു. മാല ധരിച്ചതിനാൽ മകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ലെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചത്. കർണാടകയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാത്തത് വിവാദമായിരുന്നു. തുടർന്ന് സുപ്രീം കോടതി വരെ വിഷയമെത്തി. യൂണിഫോം പാലിക്കാനായി സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് കോടതികൾ അടക്കം ഈ വിഷയത്തിൽ തീരുമാനമെടുത്തത്. വിഷയത്തില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരുകയാണ്.