ചൈന: പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതുവർഷ ആശംസ. നിയന്ത്രണങ്ങൾ പെട്ടെന്ന് എടുത്തു മാറ്റിയതിന് ശേഷം ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വിസ്ഫോടനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രായമായ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. അതുപോല കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിൽ ശ്മശാനങ്ങളിലും പ്രതിസന്ധി ഉണ്ടായി. ‘കോവിഡ് പ്രതിരോധവും അതിന്റെ നിയന്ത്രണവും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ട്’- ഷി ജിൻപിങ് പറഞ്ഞു.
7000 ത്തിലധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരാൾ മരിച്ചു. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ പുനഃസ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേസുകളുടെ എണ്ണം വർധിച്ചത്. പ്രതിദിനം 5,000 കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറൻ്റീൻ നിബന്ധനയും ചൈന പിൻവലിച്ചിരുന്നു. ജനുവരി എട്ട് മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.
ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ 5 ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്റീൻ. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു. അതേസമയം ചൈനയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിട്ടുണ്ട്.
ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.