പാകിസ്ഥാൻ: ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്‌ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ പാകിസ്ഥാൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സപീക്കർക്കും ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ചംഗ സുപ്രീംകോടതി ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് പിറകിൽ അമേരിക്കയാണെന്ന് ആവർത്തിച്ച ഇമ്രാൻ യു.എസ് നയതന്ത്ര പ്രതിനിധി ഡോണാൾഡ് ലുവാണ് ഇതിന് നേതൃത്വം നൽകിയതെന്നും ആരോപിച്ചു.
പെട്ടെന്നുള്ള തീരുമാനങ്ങളാണ് കളിക്കളത്തിലും രാഷ്ട്രീയ കസേരയിലും ഇമ്രാൻ എന്നും സ്വീകരിച്ചത്. ടെസ്റ്റ് ബോളറുടെ ക്ഷമാശീലമാണ്, അധികാര രാഷ്ട്രീയത്തിലെ മുതൽ കൂട്ടെന്ന് പറഞ്ഞ ഇമ്രാൻ, അടുത്ത 90 നാൾ എന്തൊക്കെ ചെയ്യുമെന്നതാണ് ആകാംഷ.
തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവെന്ന നിലയിൽ അപ്രതീക്ഷിത തീരുമാനങ്ങൾ ഇമ്രാനെ തുണച്ചിട്ടേ ഉള്ളു. തഹ്രീകെ ഇൻസാഫ് എന്നാൽ നീതിക്കായി നിലകൊള്ളുന്ന പാർട്ടി എന്നർത്ഥം. 1996ൽ രൂപീകരിച്ചു.2002 പാർട്ടിയിൽ നിന്ന് ഇ്രമാൻ ഖാൻ മാത്രം ജയിച്ചു. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട 2008ലെ വോട്ടെടുപ്പിൽ ത്ഹരീകെ ഇൻസാഫ് ജനവിധി തേടിയില്ല. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ബേനസീർ വധം ഉയർത്തി സഹതാപ തരംഗം മുതലാക്കുമെന്ന് ഒരുമുഴം മുന്പെ കണ്ടു. ഇമ്രാന്‍റെ അപ്രതീക്ഷിതവും തന്ത്രപരവുമായ പിന്മാറ്റം.
ലോകോത്തര ബാറ്റർമാരെ വിറപ്പിച്ച ഇമ്രാന്‍റെ ഗെയിം സ്പിരിറ്റ് പാക് മണ്ണിൽ ഒരു വ്യാഴവട്ടക്കാലം വേണ്ടത്ര ഫലിച്ചില്ല. തിരിച്ചടികളിൽ പതറാതെ, ഗൃഹപാഠം ചെയ്ത 2013 ൽ ഇമ്രാൻ പാർട്ടിയെ ഇറക്കി. വിജയദാഹമുള്ള ക്രിക്കറ്റ് ടീമിനു സമാനം പാർട്ടിയെ നയിച്ചു. 2013ൽ തെഹ്‍രീകെ ഇൻസാഫ് വരവറിയിച്ചു. ഖൈബർ പക്തൂൺ പ്രവിശ്യയിൽ 61 സീറ്റു നേടി നിയമസഭയിൽ അധികാരത്തിൽ. പഞ്ചാബ് പ്രവിശ്യ നിയസഭയിൽ 30 സീറ്റ് നേടി പ്രധാന പ്രതിപക്ഷം. പാക് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചുള്ള മുന്നേറ്റം.ഏകദിനത്തിലെ 300പന്തുകളെ കുറിച്ചും ചിന്തിക്കുന്ന ആക്രമണകാരിയായ ബോളർക്ക് ദേശീയ അസംബ്ലിയിലെ 172 സീറ്റിനെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റർമാരുടെ ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞു.