ന്യൂഡൽഹി∙ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതിനുള്ള അനുമതി തേടിയ വിവാഹിതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ഭ്രൂണത്തിനു പ്രശ്നമൊന്നുമില്ലെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിനെ ആശ്രയിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം.ഗർഭധാരണം 26 ആഴ്ചയും 5 ദിവസവും പിന്നിട്ടുവെന്നും ഇപ്പോൾ ഗർഭഛിദ്രം അനുവദിച്ചാൽ അതു മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടിലെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അമ്മയ്ക്ക് അപകടാവസ്ഥയോ ഭ്രൂണത്തിന് പ്രശ്നങ്ങളോ ഇല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
2 കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി മൂന്നാമത്തെ ഗർഭം അലസിപ്പിക്കാൻ നൽകിയ ഹർജി നേരത്തേ രണ്ടംഗ ബെഞ്ച് അനുവദിച്ചിരുന്നു. എന്നാൽ, ഗർഭഛിദ്രം അനുവദിക്കരുതെന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതോടെ രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായമുണ്ടായി. തുടർന്ന് ചീഫ് ജസ്റ്റിസുൾപ്പെട്ട മൂന്നംഗ ബെഞ്ച് വിഷയം കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.ജീവനുള്ള ഗർഭസ്ഥശിശുവിന്റെയും തീരുമാനമെടുക്കാനുള്ള അമ്മയുടെയും അവകാശത്തെ ഒരുപോലെ പരിഗണിക്കേണണ്ടതുണ്ടെന്നു പറഞ്ഞ കോടതി കുഞ്ഞുഹൃദയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും അന്ന് ചോദിച്ചിരുന്നു. ഗർഭഛിദ്രത്തിനുള്ള തീരുമാനം വൈകിയത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ വിഷാദരോഗമുണ്ടെന്നും മൂന്നാമതൊരു കുട്ടിയെ മാനസികമായും വൈകാരികമായും സാമ്പത്തികമായും താങ്ങാനാകില്ലെന്നുമാണു ഹർജിക്കാരി പറയുന്നത്.