പൂച്ചാക്കൽ : ബൈക്കിലെത്തിയ കള്ളൻ ഗൃഹനാഥയുടെ കഴുത്തിൽ നിന്നു സ്വർണമാലയെന്നു കരുതി പൊട്ടിച്ചുകൊണ്ടുപോയത് മുക്കുപണ്ടം. മാല പൊട്ടിക്കുന്നതിനിടെ മാല മുറുകി ഗൃഹനാഥയുടെ കഴുത്തിനു പരുക്കേറ്റു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 4–ാംവാർഡ് കൃഷ്ണപുരിയിൽ ചന്ദ്രൻ പിള്ളയുടെ ഭാര്യ മിനി(47)യുടെ കഴുത്തിൽക്കിടന്ന മാലയാണ് ബൈക്കിലെത്തിയ കള്ളൻ സ്വർണമാലയെന്നു കരുതി പൊട്ടിച്ചെടുത്ത് കടന്നുകടഞ്ഞത്. ഇന്നലെ വൈകിട്ട് 6 മണിയോടെ പള്ളിപ്പുറം നാലാംവാർഡ് പാറേഴൻകവല–ഗിരിജൻ കോളനി റോഡിൽ വെച്ചാണ് സംഭവം. മിനിയും കുടുംബവും മുൻപ് താമസിച്ചിരുന്ന വീട് താമസയോഗ്യമല്ലാത്തതിനാൽ മൂന്നുമാസമായി ആറാംമൈലിനു സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്.
ഇന്നലെ അയൽക്കൂട്ടത്തിനു പോയശേഷം വാടകവീട്ടിലേക്ക് പോകുന്നവഴി കൈതക്കാട്ടുപ്രദേശത്തുവെച്ചാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ മിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചത്. മാല കഴുത്തിൽ മുറുകിയതിനെത്തുടർന്നാണ് മിനിയുടെ കഴുത്തിനു പരുക്കേറ്റത്. പൊട്ടിയ മാല കൈക്കലാക്കിയ മോഷ്ടാവ് റോഡിലൂടെ വടക്കുഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. മിനി ബഹളം വെച്ചെങ്കിലും സമീപത്ത് ആരുമുണ്ടായിരുന്നില്ല. സംഭവം നടന്നതിനു സമീപം സ്വകാര്യ വ്യക്തിയുടെ സിസിടിവി ക്യാമറയുണ്ട്. ചേർത്തല പോലീസ് സ്റ്റേഷനിൽ അറിയിച്ചതനുസരിച്ച് പോലീസുകാർ മിനിയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.
മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറം കളത്തിൽ ക്ഷേത്രത്തിനുസമീപം മൂന്നാംവാർഡ് മോനോംകാട്ടിൽ ജോസഫിന്റെ ഭാര്യ ജെസിയുടെ അഞ്ചുപവൻ സ്വർണമാല ബൈക്കിലെത്തിയാൾ പൊട്ടിച്ചുകൊണ്ടുപോയിരുന്നു. സമീപത്തെ കടയിൽ പോയി മടങ്ങുന്ന സമയത്താണ് ബൈക്കിലെത്തിയാൾ വഴിചോദിച്ചതിനുശേഷം മാലപൊട്ടിച്ചുകൊണ്ടുപോയത്. സമീപത്തെ സഹകരണബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.