കൊച്ചി: ദേശീയപാത 66ന്റെ ഭാഗമായി പറവൂര്‍ പുഴക്ക് കുറുകെയുള്ള പാലം നിര്‍മാണത്തിലേത് ഉള്‍പ്പെടെയുള്ള അശാസ്ത്രീയത പരിഹരിക്കുന്നതില്‍ സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടല്‍ വേണമെന്ന് സ്ഥലം എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു.
പറവൂര്‍ നിയോജക മണ്ഡലത്തിലെ മൂത്തകുന്നം മുതല്‍ വരാപ്പുഴ വരെയുള്ള ദേശീയപാത 66ന്റെ നിര്‍മാണത്തിന്റെ ഭാഗമായി പറവൂര്‍ പുഴക്ക് മുകളിലായി പണിയുന്ന പാലത്തിന്റെ ഉയരക്കുറവ് കാരണം മുസിരിസ് ജലപാതക്ക് വിഘാതം സൃഷ്ട്ടിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളി ബോട്ടുകളുടെ യാത്രക്കും തടസം സൃഷ്ടിക്കും. ഈ പ്രശനം പരിഹരിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍മാണം നിര്‍ത്തിവെക്കാനും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനമെടുത്തിരുന്നു.
എന്നാല്‍, ഈ തീരുമാനങ്ങളൊന്നും നടപ്പായില്ല. സമാനമായ പ്രശനമാണ് മൂത്തകുന്നം പാലത്തിന്റെ ഉയരത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഈ പാലത്തിന്റെയും ഉയരക്കുറവ് കാരണം ബോട്ടുകളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ രണ്ടു പാലത്തിന്റെയും ഉയരം കൂട്ടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതുകൂടാതെ ദേശീയപാത 66 നിര്‍മാണത്തിന്റെ ഭാഗമായി പറവൂര്‍ മേഖലയില്‍ നടത്തുന്ന അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ രണ്ടു ഭാഗത്തുമുള്ള ജല അതോറിറ്റിയിയുടെ പൈപ്പുകള്‍ മുറച്ചതിനാല്‍ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. മുറിച്ചു മാറ്റിയ പൈപ്പുകള്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കാത്തതും കുടിവെള്ള പ്രശനം രൂക്ഷമാക്കിയിട്ടുണ്ട്. വൈദ്യുതി ലൈനിന്റെ കാര്യത്തിലും സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വൈദ്യുതി ലൈനുകള്‍ റോഡിനു കുറുകെ സ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ പലയിടങ്ങളില്‍ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്.
ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായുള്ള നിരവധി സര്‍വീസ് റോഡുകള്‍ ഇപ്പോഴും അടഞ്ഞിരിക്കുകയാണ്. പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളില്‍ നിന്നും സര്‍വീസ് റോഡിലേക്ക് കണക്ഷന്‍ ഇല്ലാത്തതിനാല്‍ മിക്ക സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കള്‍വെര്‍ട്ടുകളുടെയും കാനകളുടെയും അശാസ്ത്രീയമായ നിര്‍മ്മാണം ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു മഴ പെയ്ത്താല്‍ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ്.
ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കാന്‍ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്തി പ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും ഒരു നടപടികളുമുണ്ടായില്ല. ഹൈവേ അതോറിട്ടിയുമായി ആശയ വിനിമയം നടത്തി ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.