തൃശൂർ: മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തിയും പ്രതിരോധ ജാഥയെ പ്രശംസിച്ചും കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചും ജാഥവേദിയിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷത്തിന്റെ കരിങ്കൊടി പ്രതിഷേധത്തിൽ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ‘‘പ്രതിപക്ഷ നേതാവിനോട് ഒന്ന് പറഞ്ഞേക്കാം, കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമത്തിന് തുനിഞ്ഞാൽ ജനങ്ങൾ നോക്കിനിൽക്കില്ല. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടും’’. ജാഥയിൽ പങ്കെടുക്കുന്നില്ലെന്ന വിവാദങ്ങൾക്കിടെ തൃശൂരിലെ പൊതുസമ്മേളന വേദിയിൽ പങ്കെടുത്തായിരുന്നു ഇ.പിയുടെ വിമർശനവും താക്കീതും.
പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടുകയാണ്. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. പിണറായിയെയും ഇടതുപക്ഷത്തെയും കളങ്കപ്പെടുത്താമെന്ന് കരുതി മക്കളേ പോരേണ്ട… ഇത് കേരളമാണ്. നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ് കോൺഗ്രസ്. കോൺഗ്രസ് ഓഫിസുകളിൽ ഇപ്പോൾ ഇന്ദിര ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയുമൊന്നും പടങ്ങളല്ല, ഇപ്പോൾ പുതിയ ഗാന്ധിയുടേതാണ്. ഒരു കുഴൽ‘മാടൻ’ ഇറങ്ങിയിരിക്കുെന്നന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എയെ ഉദ്ദേശിച്ച് ഇ.പി പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടാൻ തുടങ്ങിയിട്ട് കാലമെത്രയായി. അക്രമം നിർത്തിയില്ലെങ്കിൽ ജനങ്ങളിറങ്ങും. മുഖ്യമന്ത്രിയുടെ കഴുത്ത് വെട്ടാൻ ആഹ്വാനം കൊടുത്തവരാണ് ആർ.എസ്.എസുകാർ. കേരളം വളരുകയാണ്. അതിനെ തകർക്കാൻ അതിന്റെ ശക്തികേന്ദ്രം തകർക്കണം. അതിനാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളുമായി വരുന്നത്. എൻ.ഐ.എയും കസ്റ്റംസും വന്നില്ലേ ? എന്നിട്ടെന്തായി. അല്ലറചില്ലറ വാങ്ങിയവരൊക്കെ ഉമ്മൻ ചാണ്ടിയുടെ കാലത്തുണ്ടായിരുന്നവരാണ്. കേരളത്തിന് സാമ്പത്തികശേഷി കുറവാണ്.
പെട്രോൾ-ഡീസലിന് രണ്ട് രൂപ സെസ് ചുമത്തി. കടം വാങ്ങും, നാട് അഭിവൃദ്ധിപ്പെടും. കേന്ദ്രം കടം വാങ്ങിയിട്ടല്ലേ ഭരിക്കുന്നത്. സംസ്ഥാനം വാങ്ങിയാൽ എന്താണ് കുഴപ്പം. ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ മഹാസംഗമമാകും. കുറേ നാളായി തന്നെ കാണാനില്ലെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു പത്രക്കാർ. കുറേ പരിപാടികളുണ്ടെങ്കിലും അവർക്ക് സമാധാനമായിക്കോട്ടെയെന്ന് കരുതിയെന്നും ഇ.പി പറഞ്ഞു.
ഉച്ചയോടെ തൃശൂരിലെത്തിയ ഇ.പി. ജയരാജൻ വൈകീട്ട് അഞ്ചരയോടെ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളന വേദിയിലെത്തി. ഏറെ നേരം നേതാക്കളും ആദ്യകാല നേതാക്കളുമൊക്കെയായി സംസാരിച്ചു. ആറോടെ പ്രസംഗം തുടങ്ങിയ ജയരാജൻ ഒന്നര മണിക്കൂറിലധികം സംസാരിച്ചു. ജാഥക്യാപ്റ്റൻ എം.വി. ഗോവിന്ദനെ വേദിയിലേക്ക് സ്വീകരിച്ച് സംസാരിച്ചശേഷമായിരുന്നു ഇ.പി വേദി വിട്ടത്.