ഓരോ ദിവസവും രസകരമായ എത്രയോ വാര്‍ത്തകള്‍ നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ പലതും നാം താല്‍ക്കാലികമായി വായിച്ചോ കണ്ടോ അറിഞ്ഞ്, അപ്പോള്‍ തന്നെ വിട്ടുകളയുന്നതായിരിക്കും. എന്നാല്‍ വേറെ ചിലതാകട്ടെ, നമ്മെ വൈകാരികമായി സ്പര്‍ശിക്കുന്നവ ആയിരിക്കും. അല്ലെങ്കില്‍ നമുക്ക് നമ്മുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമെല്ലാം ചേര്‍ത്തുപിടിക്കാൻ പ്രേരണ നല്‍കുന്നതും ആയിരിക്കും.
ഇത്തരത്തില്‍ നമ്മളിലേക്ക് പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചം പരത്തുന്ന കൗതുകകരമായൊരു സംഭവത്തിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
നമ്മുടെ പ്രിയപ്പെട്ട എന്തെങ്കിലും സാധനങ്ങള്‍, അല്ലെങ്കില്‍ വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങള്‍ കളഞ്ഞുപോയാല്‍ അത് തീര്‍ച്ചയായും വലിയൊരു കാര്യം തന്നെയാണ്. നമുക്ക് ഏതെങ്കിലും വിധത്തില്‍ മാനസികമായി അടുപ്പമുള്ള സാധനമാണ് നഷ്ടപ്പെട്ട് പോകുന്നതെങ്കില്‍ അതുണ്ടാക്കുന്ന നിരാശയും അസ്വസ്ഥതയും അളവറ്റതാണ്.
എന്നാല്‍ നഷ്ടപ്പെട്ട് പോയ സാധനം പിന്നീട് തിരികെ കിട്ടാൻ മാര്‍ഗങ്ങളൊന്നുമില്ലെന്ന് ഉറപ്പായാല്‍ പിന്നെ അതിനെ മറന്നുകളയുക, അതില്‍ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയാണല്ലോ ആകെ ചെയ്യാവുന്ന കാര്യം. എന്നാല്‍ നഷ്ടപ്പെടുന്നത് എന്തായാലും ഒരുപക്ഷേ അത് കാലങ്ങള്‍ക്ക് ശേഷവും നമ്മുടെ കൈവശം തന്നെയെത്താമെന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.
സതേണ്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ജോണ്‍- യന ഗ്ലാസ് ദമ്പതികള്‍ക്ക് ഒരു വര്‍ഷം മുമ്പ് അവരുടെ വിവാഹ മോതിരം നഷ്ടപ്പെട്ടു. നിശ്ചയത്തിന് ജോണ്‍ യനയെ അണിയിച്ചതാണ് ഈ മോതിരം. ഇവരുടെ അഞ്ചുവയസുകാരനായ മകന്‍റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ ടോയ്‍ലറ്റിനകത്തേക്ക് വീണുപോവുകയായിരുന്നു മോതിരം. ശേഷം ഇക്കാര്യം മാതാപിതാക്കള്‍ അറിയാതിരിക്കാൻ കുഞ്ഞ് ടോയ്‍ലറ്റ് ഫ്ളഷ് ചെയ്യുകയും ചെയ്തു. ഇതോടെ മോതിരം തിരിച്ചെടുക്കാനാകാത്ത വിധം അകത്തേക്ക് പോവുകയായിരുന്നു.
ജോണും യനയും മോതിരത്തിനായി ഏറെ ശ്രമിച്ചെങ്കിലും അത് തിരികെ കിട്ടാൻ മാര്‍ഗമുണ്ടായിരുന്നില്ല. പിന്നീട് ഒരു പ്ലംബറെ വിളിച്ച് അയാളെക്കൊണ്ടും അവര്‍ മോതിരം കിട്ടുമോയെന്ന് കുറെ പരീക്ഷിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. അങ്ങനെ ഇവര്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന, വില പിടിപ്പുള്ള മോതിരം നഷ്ടപ്പെട്ടതായി തന്നെ ഇവര്‍ കണക്കാക്കി.
പതിനാല് മാസങ്ങള്‍ക്ക് ഇപ്പുറം ഇപ്പോള്‍ ഇവരുടെ വീടിന് അടുത്തുള്ള ഒരു ഓട വൃത്തിയാക്കാൻ എത്തിയ സംഘത്തിന് ഈ മോതിരം കിട്ടിയിരിക്കുകയാണ്. മോതിരം കിട്ടിയ ക്ലീനിംഗ് സംഘം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും വൈകാതെ ഇതിന്‍റെ ഉടമസ്ഥരായ ജോണും യനയും മോതിരം കൈപ്പറ്റുകയും ചെയ്തിരിക്കുകയാണ്.
ഈ ക്ലീനിംഗ് സംഘത്തിനാണ് ഇരുവരും നന്ദി അറിയിക്കുന്നത്. മറ്റ് ആരായിരുന്നു ഇവരുടെ സ്ഥാനത്തെങ്കിലും ഒരുപക്ഷേ മോതിരം കിട്ടിയാല്‍ അത് തരുമായിരുന്നില്ലെന്നും അതിന് ഏറെ നന്ദിയുണ്ടെന്നുമാണ് ദമ്പതികള്‍ അറിയിച്ചത്. എന്തായാലും നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച സാധനം അപ്രതീക്ഷിതമായി തിരികെ കയ്യില്‍ വരുന്നതിന്‍റെ കൗതുകവും സന്തോഷവും പ്രതീക്ഷയും തന്നെയാണ് ഈ സംഭവം പകരുന്നത്.