ഫറോക്ക് : മൂന്നുവർഷം ഫറോക്ക് പഴയപാലത്തിനടിയിൽ താമസിച്ചുവന്ന യുവാവിനെ അഭയകേന്ദ്രത്തിലെത്തിച്ചു. കോഴിക്കോട് പൊറ്റമ്മൽ സ്വദേശിയെന്ന് പറയപ്പെടുന്ന നിഷാന്ത് (അപ്പു- 22) ആണ് വീടുവിട്ടിറങ്ങി മൂന്നുവർഷത്തോളമായി ഫറോക്ക് പഴയ ഇരുമ്പുപാലത്തിനടിയിൽ കഴിച്ചുകൂട്ടിയിരുന്നത്. പേരും മറ്റു വിവരങ്ങളും യുവാവ് തന്നെ വെളിപ്പെടുത്തിയതാണ്.
പാലത്തിനുസമീപം പുഴയിൽ ചൂണ്ടയിടുന്നവർ പതിവായി യുവാവിനെ പാലത്തിനടിയിലെ മണ്ണിൽ കിടക്കുന്നതുകണ്ട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം സമീഷിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സമീഷും ഫറോക്ക് ടൗണിലെ ഓട്ടോ ഡ്രൈവർ ടി അനിൽകുമാറും മത്സ്യതൊഴിലാളികളായ നിഷാന്ത് ടി, ബാവ എന്നിവർ ചേർന്ന് പാലത്തിനടിയിലെത്തി യുവാവിനെ കൂട്ടി നഗരസഭാ ഓഫീസ് പരിസരത്തെത്തിച്ച് ശരീരശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങളും ഭക്ഷണവും നൽകി.
പൊലീസ് അസി. കമീഷണർ എ എം സിദ്ദീഖ് ബന്ധുക്കളെ അറിയിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല.
മാനസിക പ്രശ്നങ്ങളുള്ള യുവാവിന്റെ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചുകഴിയുകയാണെന്നും അമ്മ ഹോം നഴ്സ് ആയി ജോലിനോക്കി വരികയാണെന്നുമാണ് വിവരം.
മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധനയ്ക്കുശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. പാലത്തിനടിയിൽ കഴിയുമ്പോൾ മീൻ പിടിക്കാനെത്തിയിരുന്നവർ കൊടുത്തിരുന്ന ഭക്ഷണവും സ്വന്തമായി ചൂണ്ടയിട്ടുകിട്ടുന്ന മീൻ ചുട്ടുമാണ് കഴിഞ്ഞതെന്നും മീൻപിടിത്തക്കാർ പറയുന്നു.