മാഗി ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ എളുപ്പം തയ്യാറാക്കാം എന്നതാണ് മാഗിക്ക് ഇത്രയും ആരാധകരെ നേടി കൊടുത്തത്. ഈ തിരക്ക് പിടിച്ച ജീവിതത്തില്‍ മാഗി പലര്‍ക്കുമൊരു സഹായമാണ്. കുട്ടികള്‍ക്കാണ് മാഗിയോട് കൂടുതല്‍ പ്രിയം. വൈകുന്നേരങ്ങളില്‍ സ്നാകായി പലരും മാഗി കഴിക്കാറുണ്ട്. മാഗിയില്‍ സാധാരണഗതിയില്‍ ചേര്‍ക്കാനുള്ള മസാല നമുക്ക് ഇതിന്‍റെ കൂടെ തന്നെ ലഭിക്കാറുണ്ട്. മറ്റ് ചേരുവകള്‍ നമ്മുടെ ഇഷ്ടാനുസരണം ചേര്‍ക്കുകയും ആവാം.അഞ്ച് രൂപയുടെയും പത്ത് രൂപയുടെയുമൊക്കെ മാഗി പാക്കറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ വിമാനത്താവളത്തിൽ നിന്ന് വാങ്ങിയ മാഗി നൂഡില്‍സിന്‍റെ വില കണ്ട് അമ്പരന്നിരിക്കുകയാണ് ഇവിടെയൊരു യുവതി. പൊതുവേ വിമാനത്താവളത്തില്‍ വില്‍ക്കുന്ന ഭക്ഷണത്തിന് നല്ല വിലയാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. എന്നാലും 193 രൂപയുടെ മാഗി നൂഡില്‍സോ എന്നാണ് ഈ യുവതി ചോദിക്കുന്നത്. അതിന്‍റെ ബില്ലും യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘വിമാനത്താവളത്തിൽ നിന്ന് 193 രൂപയ്ക്കാണ് ഞാൻ മാഗി വാങ്ങിയത്. പിന്നെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, എന്തിനാണ് ഇത്രയധികം വിലകൂട്ടി മാഗി വിൽക്കുന്നത് ‘- സെജൽ സുദ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. യുവതിയുടെ ഈ ട്വീറ്റ് വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഈ മാഗി നിർമ്മിച്ചിരിക്കുന്നത് വ്യോമയാന ഇന്ധനത്തിലാണെന്ന് ഞാൻ ഊഹിക്കുന്നത് എന്നാണ് ഒരാളുടെ കമന്‍റ്. മിക്ക സ്ഥലങ്ങളിലും ഒരു പാത്രം മാഗി 50 രൂപയ്ക്ക് ലഭിക്കുമെന്നും പലരും കമന്‍റ് ചെയ്തു.