കൊച്ചി ∙ മറൈൻഡ്രൈവ് വാക്േവയിൽ കവർച്ച നടത്തിയ ആറംഗ സംഘത്തെ പൊലീസ് പിടികൂടി. ചോറ്റാനിക്കരയിലേക്കു പോകാനെത്തിയ കോയമ്പത്തൂർ സ്വദേശിയായ അധ്യാപകന്റെ മാല കവർന്ന കേസിലാണ് സനീഷ് (27), കെവിൻ (23), അഭിഷേക് (24), ജോബി ജോസഫ് (29), വിപിൻ ബിജു (20), നൗഷാദ് ബാൻ (21) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിനാണ് കോയമ്പത്തൂരിൽ അധ്യാപകനായ പരാതിക്കാരൻ ചോറ്റാനിക്കരയിൽ പോകുന്നതിനായി എറണാകുളത്ത് എത്തിയത്. സുഹൃത്തുമായാണ് ബോട്ട്ജെട്ടിക്ക് സമീപമുള്ള വാക്‌വേയിലേക്കു പോയത്. സുഹൃത്ത് പോയതിനു പിന്നാലെ വെളുപ്പിനെ രണ്ടരയോടു കുറച്ചു പേർ അടങ്ങുന്ന സംഘം പരാതിക്കാരനെ ആക്രമിച്ചു. അധ്യാപകന്റെ പുറകിൽക്കൂടി വന്ന് ഒരാൾ കഴുത്തിനു പിടിക്കുകയും മറ്റുള്ളവർ കയ്യും കാലും പിടിച്ച് ബലമായി ഇരുത്തുകയും മർദിക്കുകയും ചെയ്തു.
കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തു. തടയാൻ വന്ന മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പ്രതികൾ കടന്നു കളഞ്ഞു. ഭയന്ന അധ്യാപകൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. അന്നു തന്നെ 3 പ്രതികളെ പിടികൂടി. മറ്റുള്ള മൂന്നുപേർ ഒളിവിൽ പോയി. പിന്നീടുള്ള അന്വേഷണത്തിൽ, ഒളിവിൽ കഴിഞ്ഞ മറ്റുള്ളവരെ പിടികൂടുകയായിരുന്നു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറിന്റെ നിർദേശപ്രകാരം എറണാകുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയശങ്കറിന്റെ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ഫുൽജൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ് വിനോദ്, ഷിഹാബ് എന്നിവരും ഉണ്ടായിരുന്നു.