ദില്ലി: രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍നിന്ന് വിലകൂടിയ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന രാജ്യാന്തര ശൃംഖലയില്‍ ഉള്‍പ്പെട്ട പ്രതികളെ ദില്ലി പോലീസ് പിടികൂടി. അകില്‍ അഹമ്മദ്, നവാബ് ഷെരീഫ്, പശ്ചിമ ബംഗാള്‍ സ്വദേശി സാബിര്‍ സര്‍ദാര്‍ എന്നിവരെയാണ് ദില്ലി പോലീസിലെ ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ബാഗുനിറച്ചും വിലകൂടിയ സ്മാര്‍ട്ട് ഫോണുകളുമായി ആദ്യം മോഷ്ടാക്കളായ അകില്‍ അഹമ്മദ്, നവാബ് ഷെരീഫ് എന്നിവരാണ് ദില്ലിയില്‍ വെച്ച് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
ദില്ലിയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്‍റര്‍ നടത്തികൊണ്ടാണ് പ്രതികളിലൊരാളായ അകില്‍ അഹമ്മദ് മോഷണം നടത്തിയിരുന്നത്. അറസ്റ്റിലായവരില്‍നിന്ന് 112 പ്രീമിയം സ്മാര്‍ട്ട് ഫോണുകളും പോലീസ് പിടിച്ചെടുത്തു. ദില്ലി എന്‍.സി.ആര്‍ മേഖലയില്‍നിന്ന് ജനങ്ങളില്‍നിന്ന് തട്ടിപറിക്കുകയോ മോഷ്ടിക്കുകയോ ചെയ്ത ഫോണുകളാണിവയെന്നും പോലീസ് പറഞ്ഞു. പിടിയിലായ രണ്ടുപേരെ ചോദ്യം ചെയ്തതില്‍നിന്നാണ് പശ്ചിമബംഗാളില്‍നിന്ന് സാബിര്‍ സര്‍ദാര്‍ എന്നയാളെകൂടി പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ മോഷണത്തിലും അവയുടെ വില്‍പനയിലും സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായുള്ള തിരച്ചിലും പോലീസ് ആരംഭിച്ചിട്ടുണ്ട്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ പശ്ചിമ ബംഗാളിലേക്ക് എത്തിച്ചശേഷമാണ് അവിടെന്ന് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്.
ഇതുവരെയായി നിരവധി മൊബൈല്‍ ഫോണുകള്‍ അടങ്ങിയ 160ലധികം പാര്‍സലുകളാണ് പശ്ചിമ ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് അയച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതുവരെ 2,240 സ്മാര്‍ട്ട് ഫോണുകളാണ് ഇവര്‍ സ്വകാര്യ കൊറിയര്‍ സര്‍വീസിലൂടെ പശ്ചിമ ബംഗാളില്‍നിന്ന് ബംഗ്ലാദേശിലേക്ക് അയച്ചതെന്ന് പോലീസ് പറഞ്ഞു. ആകെ അഞ്ചുകോടിയലധികം വരുന്ന ഫോണുകളാണ് ഇത്തരത്തില്‍ രാജ്യത്തുനിന്നും കടത്തിയത്. മൊബൈല്‍ ഫോണ്‍ മോഷണത്തിലെ രാജ്യാന്തര ശൃംഖലയിലെ കണ്ണികളാണ് പിടിയിലായതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.