തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യയിൽ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശി പോലീസ് റിപ്പോർട്ട്. അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോർട്ടുകളും സമർപ്പിച്ചത്. രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പോലീസിൻ്റെ കള്ളക്കളി തെളിയിക്കുന്നതാണ്.
അലവിക്കെതിരെ രണ്ട് പരാതികളാണ് ഉയർന്നിരുന്നത്. പെൺകുട്ടി ജീവിച്ചിരുന്ന സമയത്ത് പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്നതായിരുന്നു ആദ്യത്തെ പരാതി. പരാതിയിൽ അന്ന് ഉത്തർമേഖലാ ഐജി സ്പെഷ്യൽ ബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രതിശ്രുത വരൻ്റെയോ പെൺകുട്ടിയുടെയോ മൊഴി പോലും എടുക്കാതെ അലവി കുറ്റക്കാരനല്ലെന്ന് റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാമത്തേത്, കേസിൽ പോലീസിൻ്റെ അനാസ്ഥയായിരുന്നു. പോലീസ് ഇരയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നു. ഇതിൽ ഇൻ്റലിജൻസ് എഡിജിപി പോലീസ് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടി. അന്നത്തെ ഡിസിപിയാണ് അന്വേഷണം നടത്തിയത്. ഇതിലും അലവിയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. പെൺകുട്ടിയുടെയോ അമ്മയുടെയോ മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നില്ല.
തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ ആത്മഹത്യയിൽ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്തായിരുന്നു. വേശ്യയെന്ന് വിളിച്ച് സിഐ അപമാനിച്ചുവെന്നും തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പ്രതികളുമെന്നും കത്തിൽ പറയുന്നു. പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയുന്നില്ല. പ്രതിശ്രുതവരനെ പൊലീസുകാർ മർദിച്ചു. ജീവിക്കാൻ താത്പര്യമില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പെൺകുട്ടി മുൻപ് ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണ് പുറത്തുവന്നത്.
കേസന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായുള്ള റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചിരുന്നു. പോക്‌സോ കേസിൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോട്ടിൽ പറയുന്നു.2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വർഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.












