ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്ത ഗായിക രുക്‌സാന ബാനു (27) മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. രുക്‌സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്നും വിഷബാധയേറ്റാണ് മരണമെന്നുമുള്ള ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. സംബൽപുരി (പടിഞ്ഞാറൻ ഒഡീഷയിലെ ഭാഷ) ഗായികയാണ് രുക്‌സാന. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്‌ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ബുധനാഴ്ച രാത്രി മരണം സംഭവിച്ചു.എന്നാൽ മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
അതിനിടെയാണ് രുക്സാനയുടെ മരണം വിഷബാധയേറ്റിട്ടാണെന്ന ഗുരുതര ആരോപണവുമായി അമ്മയും സഹോദരിയും രംഗത്തെത്തിയത്. ഒരു എതിരാളിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞെങ്കിലും ഗായകന്‍റെ / ഗായികയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഭീഷണികളുണ്ടായിരുന്നുവെന്നും അവർ പറയുന്നു.
രണ്ടാഴ്ച മുൻപ് ബൊലാംഗീറിൽ ഷൂട്ടിംഗിനിടെ ജ്യൂസ് കുടിച്ചതിന് പിന്നാലെയാണ് റുക്‌സാനയ്ക്ക് അസുഖം വന്നതെന്ന് സഹോദരി റൂബി പറയുന്നു. ആഗസ്ത് 27 ന് ഭവാനിപട്ടണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് ബർഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും ഭേദമാകാതിരുന്നതോടെയാണ് ഭുവനേശ്വറിലെ എയിംസിൽ എത്തിച്ചതെന്ന് സഹോദരി പറഞ്ഞു.