ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളി ഇസ്രയേൽ. ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ മറുപടി നൽകുകയായിരുന്നു ഇസ്രയേൽ. രാജ്യത്തെ തീവ്രവലതുപക്ഷ നേതാക്കളുടെ നിലപാട് തങ്ങളുടേതല്ലെന്ന് പറഞ്ഞ ഇസ്രയേൽ, വംശഹത്യ തെളിഞ്ഞാൽ സൈനികർക്കെതിരെ ഇസ്രയേൽ കോടതികൾ തന്നെ ശിക്ഷ വിധിക്കുമെന്നും പറഞ്ഞു.
ദക്ഷിണാഫ്രിക്ക ഉന്നയിക്കുന്ന പരാതി കേസ് അടിസ്ഥാനരഹിതവും അസംബന്ധവും അപകീർത്തിപരവുമാണെന്ന് പറഞ്ഞ ഇസ്രയേൽ , തങ്ങൾ ഒരു ജനതയെ നശിപ്പിക്കാനല്ല, മറിച്ച് ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസ്താവിച്ചു. ഗസ്സയിൽ നടത്തിയ ആക്രമണങ്ങൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായുണ്ടായതാണ്. തങ്ങൾ നടത്തുന്നത് വംശഹത്യാണെന്നതിന് തെളിവുകളില്ല. ഏതെങ്കിലും സംഘർഷത്തിന്റെ ബാഗമായുണ്ടാകുന്ന മരണങ്ങലും ദുരിതങ്ങളും വംശഹത്യാണെന്ന് പറയാൻ കഴിയില്ലെന്നും ഇസ്രയേലിനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ക്രിസ്റ്റഫർ സ്റ്റേക്കർ പറഞ്ഞു.
ഇസ്രയേലിന്റെ വാദങ്ങൾ തള്ളിയ ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകൻ ടെംബെക്ക എൻഗുകൈറ്റോബി വംശഹത്യ നടന്നതിന് തെളിവുകൾ ഉണ്ടെന്ന് മാത്രമല്ല, അത് ഞെട്ടിപ്പിക്കുന്നതാണെന്നും വാദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഗസ്സയിൽ സൈന്യം പ്രവർത്തിച്ചതെന്നും സൈനിക നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നെന്നും ഇസ്രയേൽ ചൂണ്ടിക്കാട്ടി.
അതേസമയം ഇസ്രായേലിന്റെ വാദങ്ങളിൽ വസ്തുതയില്ലെന്നായിരുന്നു, ആശുപത്രികൾ സൈനിക താവളങ്ങളായി ഉപയോഗിച്ചുവെന്ന ആരോപണത്തോട് പലസ്തീൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രതികരണം.