കാസർകോട്: നവകേരള സദസിന്റെ വേദിയിലെ താരമാണ് മന്ത്രിസഭ സഞ്ചരിക്കുന്ന ബസ്. വിവാദത്തിന് പിന്നാലെ വേദിയിലെത്തിയ ബസ് കാണാനും സെല്‍ഫി എടുക്കാനും തിക്കും തിരക്കുമാണ്. നവകേരള സദസിൽ വന്‍ സുരക്ഷയാണ് മന്ത്രിസഭയുടെ ബസിനായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാറിനൊപ്പം ബസും വളഞ്ഞിരിക്കുകയാണ് കമാൻഡോകൾ. പൈവളിഗയിൽ വന്നവർക്കും അതുവഴി പോയവർക്കുമെല്ലാം നവകേരള ബസ് ഒരു കൗതുക കാഴ്ചയായിരുന്നു. സെൽഫിയെടുക്കാൻ ആൾത്തിരക്കാണ്. പക്ഷേ അകലത്തിൽ വേണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരക്ക് അധികമായതോടെ തോക്കെന്തിയ പൊലീസുകാരും ബസിന്റെ കാവലിനെത്തി. കൈകോർത്ത് കവചമിട്ടിരിക്കുയാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ വളണ്ടിയർമാർ. ഭാരത് ബെൻസ് കമ്പനിയുടെ രണ്ട് മെക്കാനിക്കുകൾ ബസിനൊപ്പം സജീവ സേവനത്തിനായി എപ്പോഴുമുണ്ട്.