സുളൂർ: കോയമ്പത്തൂരിലെ കോഴിഫാമിൽനിന്ന് 15 ടൺ റേഷനരി പിടികൂടി തമിഴ്നാട് സിവിൽ സപ്ലൈസ് സിഐഡി വിഭാഗം. 6 പേർ അറസ്റ്റിൽ. അരി പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടന്ന റെയ്ഡ് നടത്തിയത്. കോയമ്പത്തൂരിന് സമീപമുള്ള സുളൂർ എന്ന സ്ഥലത്തെ കോഴി ഫാമിലാണ് റേഷനരി പൂഴ്ത്തി വച്ചിരുന്നത്. സുളൂരില സേലകാരാച്ചാലിലെ കോഴി ഫാമിൽ ചിലർ റേഷനരി ചാക്ക് പിടിച്ച് നിൽക്കുന്നതായുള്ള വിവരം വ്യാഴാഴ്ചയാണ് സിവിൽ സപ്ലൈസ് സിഐഡി വിഭാഗത്തിന് ലഭിക്കുന്നത്.
തുടർന്ന് വ്യാഴാഴ്ച തന്നെ നടത്തിയ പരിശോധനയിലാണ് 264 ചാക്ക് അരി കണ്ടെത്തിയത്. 40 കിലോ വീതമുള്ള ചാക്കുകളാണ് കണ്ടെത്തിയത്. ചാക്ക് പൊട്ടിക്കാത്ത നിലയിൽ 10.56 ടൺ റേഷനരിയും പൊട്ടിച്ച നിലയിൽ 4.48 ടൺ അരിയുമാണ് കണ്ടത്തിയത്. 112 ചാക്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്. സേലകാരാച്ചാൽ സ്വദേശികളായ ദുരൈ മുരുഗൻ(36), ജി ശശികുമാർ(40), എസ് അരുൺ(35) എന്നിവരെ വ്യാഴാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ച അരി ഇവർ ചുളുവിലയ്ക്ക് വാങ്ങി ശേഖരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇത്തരത്തിൽ ശേഖരിക്കുന്ന അരി കോഴി ഫാം ഉടമകൾക്ക് വിറ്റ് ലാഭമുണ്ടാക്കുന്നതായിരുന്നു ഇവരുടെ രീതി. ഫാമുടമകളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാം നടത്തിയിരുന്ന സെന്തിൽ കുമാർ(37), എം രാമസ്വാമി(65), ആർ മല്ലിക (55) എന്നിവരാണ് അറസ്റ്റിലായിട്ടുള്ള മറ്റ് മൂന്ന് പേർ. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.