ഹൈദരാബാദ്: ക്ഷേത്രത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിക്കാനായി തുരന്ന ദ്വാരത്തിൽ കുടുങ്ങിയ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാഞ്ചിലി മണ്ഡലിലാണ് സംഭവം. പാപ്പാ റാവുവെന്ന മുപ്പതുകാരനാണ് മോഷണത്തിനായി ക്ഷേത്രം തുരന്ന് ഒടുവിൽ അതേ ദ്വാരത്തിൽ കുടുങ്ങി പിടിയിലായത്.
ക്ഷേത്രം തുരന്ന് അകത്തുകയറിയ മോഷ്ടാവ് 20 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾ പോക്കറ്റിലാക്കിയതാണ്. പക്ഷേ, മോഷ്ടിച്ച ആഭരണങ്ങളുമായി തിരികെ അതേ ദ്വാരത്തിലൂടെ തിരിച്ചിറങ്ങുമ്പോഴാണ് പാതിവഴിയിൽ കുടുങ്ങിപ്പോയത്.
രക്ഷപ്പെടാൻ ആവുംവിധം ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒടുവിൽ ഒരു വഴിയുമില്ലെന്നു വന്നതോടെ ഇയാൾ തന്നെയാണ് ബഹളം വച്ച് ആളെ കൂട്ടിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ വളരെ കഷ്ടപ്പെട്ടാണ് പുറത്തെത്തിച്ചത്. പിന്നീട് പൊലീസിനു കൈമാറുകയും ചെയ്തു.
ക്ഷേത്രത്തിൽ കവർച്ച നടത്തിയതിന് പൊലീസ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. മോഷ്ടിച്ച സ്വർണം ഇയാളിൽനിന്ന് വീണ്ടെടുത്തിട്ടുണ്ട്. പ്രതി മദ്യപാനത്തിന് അടിമയാണെന്നാണ് റിപ്പോർട്ട്. ഇയാൾ മുൻപും വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുണ്ട്.