ഒരിടവേളയ്ക്ക് ശേഷം കൊവിഡ് 19 വീണ്ടും സജീവമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ന്യുമോണിയ പോലുള്ള മറ്റ് രോഗങ്ങളും വലിയ രീതിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളെയോ പ്രായമായവരെയോ രോഗങ്ങള്‍ ബാധിക്കുമ്പോഴാണ് കൂടുതലും ആശങ്കയുള്ളത്. ഇത്തരത്തില്‍ ഈ അടുത്ത കാലത്തായി ന്യുമോണിയ പടരുന്നതും പലരിലും ചെറുതല്ലാത്ത ഭയം നിറച്ചിട്ടുണ്ട്. എന്തായാലും കുട്ടികളെ ന്യുമോണിയ ബാധിക്കാതിരിക്കാനായി എടുക്കാവുന്ന മുൻകരുതലുകള്‍ എന്തെല്ലാം എന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
- ഒന്ന്…
- ന്യുമോണിയയ്ക്കെതിരായ വാക്സിൻ കുട്ടികളില്‍ ഉറപ്പുവരുത്തുക. പിസിവി, ഫ്ളൂ വാക്സിൻ എന്നിവയാണ് നിര്‍ബന്ധമായും എടുക്കേണ്ടത്.
- രണ്ട്…
- കുട്ടികളെ വ്യക്തിശുചിത്വം ശീലിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാൻ അവരെ ശീലിപ്പിക്കണം. അതുപോലെ പുറത്തുപോയാല്‍ കൈകള്‍ വൃത്തിയാക്കാതെ മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിലൊന്നും സ്പര്‍ശിക്കാതിരിക്കാനും അവരെ ഓര്‍മ്മപ്പെടുത്തണം.
- മൂന്ന്…
- എന്തെങ്കിലും വിധത്തിലുള്ള ശ്വാസകോശാണുബാധയോ ജലദോഷമോ പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവരുമായി ഒരു കാരണവശാലും കുട്ടികളെ അടുത്തിടപഴകാൻ വിടരുത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ അവരിലേക്ക് എളുപ്പത്തില്‍ രോഗമെത്താം.
- നാല്…
- വീട്ടിനകത്ത് ആവശ്യത്തിന് ശുദ്ധവായു ലഭ്യതയുണ്ടെന്ന് ഉറപ്പുവരുത്തണം. അതുപോലെ വീടിനകം വൃത്തിയായി കൊണ്ടുനടക്കുകയും വേണം. അല്ലാത്തപക്ഷം കുട്ടികളില്‍ അലര്‍ജി പിടിപെടാം. ഇത് പിന്നീട് ന്യുമോണിയ സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്നു.
- അഞ്ച്…
- ആരോഗ്യകരമായ ജീവിതരീതികള്‍ കുട്ടികളെ പരിശീലിപ്പിക്കുക. ഇത് ന്യുമോണിയ മാത്രമല്ല, പല സീസണല്‍ രോഗങ്ങളെയും മറ്റും അകറ്റുന്നതിന് ഏറെ സഹായിക്കും. ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ ഒരു മാതൃകയും ആകണം.