ദില്ലി: ഏറ്റവും വിലയേറിയ റിയൽ എസ്റ്റേറ്റ് ഏരിയയിലുള്ള ഫ്ലാറ്റിൽ മോഷണം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഒരു സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങളും പണവും വിലകൂടിയ വാച്ചുകളും ഉൾപ്പടെയുള്ളവ മോഷണം പോയത്. 23 കോടിയിലധികം രൂപയ്ക്ക് ഫ്ലാറ്റുകൾ വിറ്റുപോകുന്ന പ്രദേശമായ സിആർ പാർക്കിലെ കിംഗ്സ് കോർട്ടിലാണ് അഭിഭാഷകന്റെ ഫ്ലാറ്റ് ഉള്ളത്. അഭിഭാഷകൻ കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ പോയ സമയത്താണ് മോഷണം നടന്നത്.
നാല് പേരോളമുൾപ്പെടുന്ന മോഷണസംഘം മതിലുകൾ തകർത്ത് സൊസൈറ്റിയുടെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 23നും 26നും ഇടയിലുള്ള ദിവസങ്ങളിലെപ്പോഴോ ആണ് മോഷണം നടന്നിരിക്കുന്നത്. കുറച്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. അഭിഭാഷകന്റെ അമ്മാവൻ ഹർജീത് സിംഗ് ആണ് പൊലീസിൽ പരാതി നൽകിയത്. വീട്ടുപരിപാലകനായ പ്രദീപ് അപ്പാർട്ട്‌മെന്റിൽ കയറിയപ്പോൾ സാധനങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയെന്ന് പരാതിയിൽ പറയുന്നു.