സെൽഫി എടുക്കുക എന്നത് ഇന്നത്തെ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാണ്. സ്മാർട്ട് ഫോൺ കയ്യിലുള്ളവരെല്ലാം തന്നെ സെൽഫികളും എടുക്കാറുണ്ട്. എന്നാൽ, എപ്പോഴാവും ആളുകൾ ഇങ്ങനെ സെൽഫി ഒക്കെ എടുക്കാൻ തുടങ്ങിയിട്ടുണ്ടാവുക? മിറർ സെൽഫികളോ? അങ്ങനെ ഒരു പഴയ, വളരെ പഴയ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കറങ്ങി നടപ്പുണ്ട്.
റെഡ്ഡിറ്റിലാണ് ഒരാൾ ഇപ്പോൾ അങ്ങനെ ഒരു ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രത്തിൽ 1900 -ൽ ഒരു സ്ത്രീ ഒരു ബോക്സ് കൊഡാക് ക്യാമറയുമായി കണ്ണാടിക്ക് മുന്നിൽ നിൽക്കുകയാണ്. ഇതായിരിക്കാം ലോകത്തിലെ ആദ്യത്തെ മിറർ സെൽഫി എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ പറയുന്നത്.
ഇതൊരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ആയതുകൊണ്ട് തന്നെ ആളുകളിലൊക്കെ അമ്പരപ്പുണ്ട്. ഈ അപൂർവമായ കണ്ടെത്തലിനെ കുറിച്ച് റെഡ്ഡിറ്റിൽ ആളുകൾ നിരവധി കമന്റുകളാണ് ഇടുന്നത്. ‘100 വർഷം മുമ്പ് തന്നെ അവർ ഈ ട്രെൻഡ് തുടങ്ങിയിട്ടുണ്ട്’ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത് ‘ഈ ചിത്രത്തിൽ വിചിത്രമായത് എന്തോ ഒന്നുണ്ട്. പക്ഷേ, എനിക്കത് ഇഷ്ടപ്പെട്ടു’ എന്നാണ്.
എന്നാൽ, മറ്റ് ചിലർ നോക്കിയത് ആ ചിത്രത്തിന്റെ പശ്ചാത്തലമാണ്. ഇരുപതാം നൂറ്റാണ്ടിലെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്ന് അവർ അഭിപ്രായപ്പെട്ടു. ആളുകൾ ചിത്രത്തിൽ മുറിയിൽ കാണാവുന്ന ഷെൽഫിനെ കുറിച്ചും മുറിയുടെ സീലിംഗിനെ കുറിച്ചും എല്ലാം അഭിപ്രായം പറഞ്ഞു.
‘മൊത്തത്തിൽ ഈ സ്ത്രീക്ക് ഫോട്ടോഗ്രഫിയോട് വലിയ താൽപര്യം ഉണ്ടെന്നാണ് ചിത്രത്തിൽ നിന്ന് മനസിലാവുന്നത്’ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും 1900 -ത്തിലെ ഈ കണ്ണാടി സെൽഫി റെഡ്ഡിറ്റിൽ വലിയ ഹിറ്റായി.