കൊച്ചി > കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ പ്രൊഫ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ്‌ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു തിരിച്ചറിയൽ പരേഡ്. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ കഴിഞ്ഞ ആഴ്ചയാണ് എൻഐഎ അറസ്‌റ്റുചെയ്‌തത്. 13 വർഷമായി ഒളിവിലായിരുന്ന ഇയാളെ മട്ടന്നൂരിൽനിന്നാണ് പിടികൂടിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷാജഹാൻ എന്ന പേരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞിരുന്ന സവാദിനെ അറസ്റ്റ് ചെയ്തത്.
2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. രണ്ടുഘട്ടമായി എൻഐഎ കോടതിയിൽ വിചാരണ നേരിട്ട 42 പ്രതികളിൽ 19 പേരെ ശിക്ഷിച്ചു.