തൊടുപുഴ∙ മുട്ടത്തെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാസിന്റെ മരണമാണ് കൊലപാതകം ആണെന്നു തെളിഞ്ഞത്. അയൽവാസിയായ ഉല്ലാസിനെ കേസുമായി ബന്ധപ്പെട്ടു മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ജനുവരി 24നാണ് മുട്ടത്തെ ലോഡ്ജിൽ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
20 വർഷമായി മുട്ടത്ത് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു യേശുദാസ്. ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെ തുടർന്നാണ് മുട്ടത്ത് എത്തിയത്. ജനുവരി 19ന് ലോഡ്ജ് മുറിയിൽ യേശുദാസും ഉല്ലാസും തമ്മിൽ സംഘട്ടനം ഉണ്ടായി. തലയ്ക്ക് മർദനമേറ്റ് യേശുദാസ് വീണതോടെ പ്രതി സ്ഥലംവിട്ടു. 24ന് ദുർഗന്ധം വന്നതിനെ തുടർന്ന് ലോഡ്ജ് മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തി. അതിനാൽ ആദ്യം ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ മർദനമേറ്റതായും തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചാണ് യേശുദാസിന്റെ മരണമെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് കൊലപാതകമാണെന്ന് മനസ്സിലായത്.
കൊലപാതകത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യേശുദാസിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് പൊലീസ് സംസ്കാര നടപടികൾ തുടങ്ങി.