കണ്ണൂർ: കോൺഗ്രസ് നേതാവ് കെ.വി.തോമസ് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിനെത്തി. കരഘോഷത്തോടെയാണ് കെ.വി.തോമസിനെ സിപിഎം പ്രവർത്തകർ വരവേറ്റത്. കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായാണെന്നു സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതാവായാണ് ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ മൂക്കുചെത്തുമെന്നു പറഞ്ഞെങ്കിലും കോൺഗ്രസ് നേതാവായി തന്നെ പരിപാടിയിൽ പങ്കെടുക്കുന്നു. അദ്ദേഹം സെമിനാറിലേക്കു വരില്ലെന്നു ചിലർ പറഞ്ഞെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്നു സിപിഎമ്മിനു ബോധ്യമുണ്ടായിരുന്നു. നാളെയും വലുതൊന്നും സംഭവിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും അപകടത്തിലായതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി നഷ്ടപ്പെടുകയാണ്. സംസ്ഥാന വിഷയങ്ങൾ ഓരോന്നായി കേന്ദ്രം കൈയ്യടക്കുന്നു. സഹകരണം, റജിസ്ട്രേഷൻ, കൃഷി എന്നീ മേഖലകളിലെല്ലാം ഇതുണ്ടായി. സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർത്ത്, കേന്ദ്രത്തിനു മുന്നിൽ ചെല്ലണം എന്നാണ് അവർ ലക്ഷ്യമാക്കുന്നത്. ഇതിനെതിരെ സംസ്ഥാനങ്ങൾ ഒന്നിക്കണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഇതിനു മുൻകൈ എടുക്കണം. അങ്ങനെ ഒരു കൂട്ടായ്മയ്ക്ക് ഈ ചടങ്ങ് തുടക്കം കുറിക്കും എന്നു പ്രതീക്ഷിക്കുന്നതായും കോടിയേരി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ദേശീയ പ്രാധാന്യമുള്ള സെമിനാറില്നിന്ന് കെ.വി.തോമസിനെ വിലക്കുന്നത് ഊരു വിലക്കാണെന്ന് സ്വാഗതം പറഞ്ഞ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. കോൺഗ്രസുകാർ പോലും വെറുക്കുന്നയാളാണ് കെപിസിസിയുടെ തലപ്പത്ത് ഇരിക്കുന്നതെന്ന് കെ. സുധാകരൻ അതാണ് കെ.വി. തോമസിന് വിലക്കേർപ്പെടുത്തിയതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.