കോട്ടയം: വൈക്കം തലയാഴം തോട്ടകത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. തലയാഴം ഉല്ലല സ്വദേശികളായ അഗ്രേഷ് (25) രഞ്ജിത്ത് (35) അഖിൽ രാജ് ( 21) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ ആക്രമിച്ച് തിരികെ പോകുംവഴി വഴിയോരത്തു കണ്ട രണ്ടുപേരെയും പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
പ്രതികളിലൊരാളായ അഗ്രേഷിന്‍റെ കാർ ബൈക്കിൽ തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നത്. കാപ്പ ചുമത്തി നാട് കടത്തിയ ആളാണ് അഗ്രേഷ് എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.30 ഓടെ തോട്ടകം ഷാപ്പിനു മുന്നിൽ കാർ ബൈക്കിൽ തട്ടിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് അക്രമത്തിലേക്ക് എത്തിയത്.
അക്രമി സംഘം കാർ പിന്നോട്ടെടുത്തപ്പോൾ ഒരു ബൈക്കിൽ തട്ടി. ഇതിനെ ചൊല്ലി വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് അഗ്രേഷിനും സഹോദരനും മർദ്ദനമേറ്റു. ഇതോടെ രാത്രി തന്നെ അഗ്രേഷും സുഹൃത്തുക്കളായ മറ്റു രണ്ട് പേരും ചേർന്ന് ബൈക്കിലെത്തിയ യുവാവിന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടു. തിരികെ പോകും വഴി വഴിയോരത്തു കണ്ട രണ്ടുപേരേയപം എതിർ സംഘം എന്ന് തെറ്റിദ്ധരിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലാ സ്വദേശികളായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയ ആളാണ് ആക്രമി സംഘത്തിലെ പ്രധാനിയായ അഗ്രേഷ്. ഏതാനും ദിവസം മുമ്പാണ് അഗ്രേഷ് ജില്ലയില്‍ തിരിച്ചെത്തിയത്. വൈക്കം എസ് എച്ച് ഒ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമികളെ പിടികൂടിയത്.