കോഴിക്കോട്: സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കാൻ ജില്ലാതലത്തിൽ ക്രമീകരണങ്ങൾ നടത്താൻ മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം. ഇതിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ മൂന്നംഗ ‘ക്രിട്ടിക്കൽ സപ്ലൈ ചെയിൻ കൺട്രോൾ’ ടീമിനും രൂപം നൽകി. സ്റ്റോക്ക് പരിശോധിച്ച്, കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നു കുറവുള്ളിടത്തേക്കു മാറ്റാനാണു ഡിഎംഒമാർക്കു നൽകിയ നിർദേശം. മൊത്തത്തിൽ കണക്കെടുക്കുമ്പോൾ 37 % മരുന്നു സ്റ്റോക്ക് ഇപ്പോഴും ഉണ്ടെന്നാണു കോർപറേഷൻ വാദം.
എന്നാൽ ഇതിൽ അവശ്യമരുന്നുകൾ പലതും ഇല്ലെന്ന കാര്യവും സമ്മതിക്കുന്നു. അവശ്യമരുന്നുകൾക്കു ഗുരുതരക്ഷാമം നേരിട്ടാൽ ‘കാരുണ്യ’ ഫാർമസി വഴി വാങ്ങി നൽകാനാണു തീരുമാനം. ഇതോടൊപ്പം ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കി, ഓർഡർ നൽകിയാലുടൻ 10% സ്റ്റോക്ക് അടിയന്തരമായി എത്തിക്കണമെന്നും കമ്പനികൾക്കു നിർദേശം നൽകും. മരുന്നുകൾ ഉപയോഗിക്കുന്ന മുറയ്ക്ക് കെഎംഎസ്‌സിഎലിന്റെ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതിൽ വന്ന പിഴവാണ് ഇപ്പോഴത്തെ ക്ഷാമത്തിനു കാരണം എന്ന വിലയിരുത്തലിലാണ് അധികൃതർ. ഡോക്സിസൈക്ലിൻ പോലുള്ള മരുന്നുകൾ ചില ആശുപത്രികളിൽ ഒന്നര ലക്ഷത്തോളം ഡോസ് സ്റ്റോക്ക് ഇരിക്കുമ്പോൾ മറ്റിടങ്ങളിൽ തീരെ ഇല്ല. പേവിഷ വാക്സീൻ പൂർണമായി തീർന്നതിനു ശേഷമാണു മിക്ക ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തത്. മരുന്നുവിതരണത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ചില ആഭ്യന്തര ക്രമീകരണങ്ങളാണു നടത്തുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. മരുന്നിന് ക്ഷാമം ഒരിടത്തു നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ തലത്തിൽ തന്നെ പ്രായോഗിക പരിഹാരം കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.