കണ്ണൂര്‍: സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജിലേഷ്, ജിജേഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ബാബുവിൽ നിന്നാണ് മറ്റ് പ്രതികൾ ബോംബ് നിർമിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സി.പി.എം അനുഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.