റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് ആപ്ലിക്കേഷനായ ‘അബ്ഷീറി’ൽ ഉപഭോക്താവിന് മൂന്ന് രീതിയിൽ മൊബൈൽ നമ്പർ മാറ്റാനാകുമെന്ന് അധികൃതർ. രജിസ്റ്റർ ചെയ്ത അക്കൗണ്ടിലെ മൊബൈൽ നമ്പർ മാറ്റി പുതിയത് ചേർക്കാനുള്ള മാർഗമാണ് വ്യക്തമാക്കിയത്. പഴയ മൊബൈൽ നമ്പർ നിലവിലുണ്ടായിരിക്കെ നമ്പർ മാറ്റാനുള്ളതാണ് ആദ്യ മാർഗം.
ലോഗിൻ ചെയ്‌ത് ‘ഉപഭോക്തൃ വിവരങ്ങൾ ’ ഐക്കൺ ക്ലിക്ക് ചെയ്യണം. തുടർന്ന് ആവശ്യമായ വിവരങ്ങളും പുതിയ മൊബൈൽ നമ്പറും നൽകി സേവ് ചെയ്യണം. തത്സമയം പുതിയ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കോഡ് അബ്ഷീറിൽ രേഖപ്പെടുത്തുന്നതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെടും.
പഴയ മൊബൈൽ നമ്പർ റദ്ദാക്കുകയോ നഷ്‌ടപ്പെടുകയോ കാരണം ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഏറ്റവും അടുത്തുള്ള അബ്ഷീർ സെൽഫ് സർവിസ് കിയോസ്ക് സന്ദർശിക്കണം. മെഷീനിൽ ‘മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക ’ എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് പുതിയ മൊബൈൽ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകണം. തത്സമയം മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കോഡ് അബ്ഷീറിൽ രേഖപ്പെടുത്തുന്നതോടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ആവും.
ഉപയോക്താവിന്റെ തിരിച്ചറിയൽ കാർഡിൽ മറ്റൊരു മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അബ്ഷീർ വെബ്സൈറ്റ് സന്ദർശിച്ച് ‘മൊബൈൽ നമ്പർ മാറ്റുക ’ എന്ന ഐക്കൺ തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി പൂർത്തിയാക്കിയും നമ്പർ മാറ്റാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അബ്ഷീർ പ്ലാറ്റ്‌ഫോമിൽ മൊബൈൽ നമ്പർ മാറ്റുന്നതിന് അതെ തിരിച്ചറിയൽ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണ്.