തൃശൂർ ∙ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അധ്യാപക–വിദ്യാർഥിസംഘം സഞ്ചരിച്ച ബസ് മധ്യപ്രദേശിലെ റായ്പുരയിൽ അപകടത്തിൽപ്പെട്ടു മറിഞ്ഞ് 2 അധ്യാപകരും 5 വിദ്യാർഥികളുമടക്കം 7 പേർക്കു പരുക്ക്. ബസിന്റെ ക്ലീനർ സംഭവസ്ഥലത്തു മരിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റ അവസാന വർഷ ബിഎസ്‍സി ജിയോളജി വിദ്യാർഥി എഡ്വേർഡ് ബെൻ മാത്യുവിനെ (20) കട്ട്നി സിറ്റി ജില്ലാ ആശുപത്രിയിലും തുടർന്ന് ജബൽപൂർ സ്പെഷൽറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ ആർ. തരുൺ, ടി.വി. ശ്വേത എന്നീ അധ്യാപകരും 4 വിദ്യാർഥികളും റായ്പുര ആശുപത്രി, ഡാമോ മിഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സ തേടി.
അപകടത്തിൽപ്പെട്ടവർക്ക് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അറിയിച്ചു. അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേട്ടിന്റെ മേൽനോട്ടത്തിൽ പാണ പൊലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സാരമായ പരുക്കെന്നു പറയാവുന്ന രണ്ടുപേരും ഏറ്റവും മികച്ച ചികിത്സാസൗകര്യമുള്ള ആശുപത്രികളിലാണ്. തലയ്ക്കു പരുക്കുള്ള ഒരു വിദ്യാർത്ഥിയെ സിടി സ്കാൻ, ശസ്ത്രക്രിയ സൗകര്യങ്ങളുള്ള ജബൽപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി മിക്കവർക്കും പ്രഥമ ശുശ്രൂഷ മാത്രമേ നൽകേണ്ടി വന്നിട്ടുള്ളൂ.
അപകടം നടന്ന ജില്ലയുടെ ചുമതലയുള്ള മന്ത്രി ആശുപത്രി സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ ചികിത്സാകാര്യത്തിൽ നൽകിയിട്ടുണ്ട്. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. രക്ഷിതാക്കളും സഹപാഠികളും ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
ഭോപ്പാലിൽ നിന്നു 310 കിലോമീറ്ററകലെ പന്നാ ജില്ലയിലെ റായ്പുരയിൽ ഗുവാ കേഡ എന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. ബിഎസ്‌സി ജിയോളജി വിഭാഗത്തിലെ 4 അധ്യാപകരും 60ലേറെ വിദ്യാർഥികളുമാണ് സംഘത്തിലുള്ളത്. 14നു ട്രെയിനിൽ തൃശൂരിൽ നിന്നു പുറപ്പെട്ട സംഘം ഫീൽഡ് സർവേയ്ക്കായി ജബൽപൂരിലെ ഖനികൾ സന്ദർശിക്കാനായി സാഗറിൽ നിന്നു കട്നിയിലേക്കു 2 ബസുകളിലാണ് പുറപ്പെട്ടത്.
ഖനി മേഖലയായതിനാൽ വളവും തിരിവുമേറിയ റോഡിൽ അപകടകരമായെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനിടെ ബസ് മറിയുകയായിരുന്നുവെന്നാണു പ്രാഥമിക വിവരം. റോഡിൽ നിന്നു തെന്നിമാറി താഴ്ചയിലേക്കു പതിച്ച ബസിന്റെ ക്ലീനർ സംഭവസ്ഥലത്തു തന്നെ മരിച്ചു. മുന്നിൽ സഞ്ചരിച്ച ബസ് ആണു മറിഞ്ഞത്. സംഭവം നടന്നയുടൻ ഇരു ബസുകളിലെയും ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടു.