തൃശൂർ : അങ്ങനെ അവസാന ചടങ്ങും തീർന്ന് 36 മണിക്കൂർ നീണ്ട തൃശൂർ പൂരത്തിന് പരിസമാപ്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾ അവസാനിച്ചു. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രിൽ 19നാണ് അടുത്ത വർഷത്തെ തൃശൂർ പൂരം. അക്ഷരാർത്ഥത്തിൽ ജനസാഗരം തന്നെയാണ് തേക്കിൻകാട് മൈതാനത്തിൽ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നത്.
തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എർണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കും നാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരൻ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാൽ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടർന്നാണ് തൃശൂർ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയർത്തി പരസ്പരം ഉപചാരം ചൊല്ലി.
എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാൽ ഭാഗത്തുനിന്ന് തുടങ്ങി. 15 ആനകളാണ് നിരന്നത്. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള മേളാരവും ഒപ്പം കുടമാറ്റവും നടന്നു. ഇന്നലെ നടന്ന കുടമാറ്റത്തിന്റെ ചെറിയ രൂപമായിരുന്നു ഇന്ന് നടന്നത്.
നായ്ക്കനാൽ ഭാഗത്തുനിന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പും തുടങ്ങി. 14 ആനകൾ അണി നിരന്നു. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ മേളം നടന്നു. ഇരുഭാഗത്തും അതിമനോഹര മേളവും കുടമാറ്റവും നടന്നു. ഇന്നലത്തെ തിരക്കിലേക്ക് വരാനാകാത്തവരാണ് കൂടുതലും ഇന്നെത്തിയത്. സ്ത്രീകൾ ഏറെ എത്തുന്നത് ഇന്നാണ് എന്നതിനാൽ തന്നെ സ്ത്രീകളുടെ പൂരം എന്നുകൂട് ഇന്നത്തെ പകൽപ്പൂരത്തിനുണ്ട്. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകൽ വെടിക്കെട്ടോടെ ഇക്കൊല്ലത്തെ പൂരം അവസാനിക്കും. അതിന് ശേഷം പൂരക്കഞ്ഞിയും കുടിച്ചായിരിക്കും ദേശക്കാരെല്ലാം തേക്കിൻകാട് മൈതാനിയിൽ നിന്ന് പിരിഞ്ഞുപോകുക.